Skip to main content
തെരഞ്ഞെടുപ്പ് പെരുമാച്ചട്ടം ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യുന്നു.

പെരുമാറ്റച്ചട്ട ലംഘനം; പൊതുസ്ഥലങ്ങളിലെ  7000  ലേറെ ബോര്‍ഡുകള്‍ നീക്കി

 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ജില്ലയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലും നീക്കംചെയ്യപ്പെടാതെ കിടന്ന 7210 ബാനറുകള്‍, പോസ്റ്ററുകള്‍, ചുമരെഴുത്തുകള്‍ തുടങ്ങിയവ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. വിവിധ പ്രദേശങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വീസ് സംഘടനകളും അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളുമാണ് നീക്കം ചെയ്തത്. 

5889 പോസ്റ്ററുകള്‍, 761 ബോര്‍ഡുകള്‍, 127 ചുമരെഴുത്തുകള്‍, 433 കൊടിതോരണങ്ങള്‍ എന്നിവയാണ് ഇതുവരെ നീക്കം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 11 മുതലാണ് അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാനാരംഭിച്ചിരുന്നത്. വെള്ളിയാഴ്ച മാത്രം 1910 ബോര്‍ഡുകളാണ് ആന്റീ ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തിരിക്കുന്നത്. 1558 പോസ്റ്ററുകള്‍, 189 കൊടിതോരണങ്ങള്‍, 156 ബോര്‍ഡുകള്‍, ഏഴ് ചുമരെഴുത്തുകള്‍ എന്നിവ ഇതില്‍പ്പെടുന്നു.   

സ്‌ക്വാഡ് എടുത്തുമാറ്റിയ പ്രചാരണ സാമഗ്രികളുടെ ചെലവും അവ നീക്കംചെയ്യുന്നതിനുള്ള ചെലവും അതത് പാര്‍ട്ടികളുടെ ഇവിടങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുന്നതിനായി കണക്കാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫീസുകളിലും പരിസരങ്ങളിലുമുള്ള ഇത്തരം ബോര്‍ഡുകളും മറ്റും സ്വന്തമായി നീക്കംചെയ്യാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍വീസ് സംഘടനകള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദ് അലി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

date