Skip to main content

തെരഞ്ഞെടുപ്പ്; റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചു പ്രചാരണത്തിനായി ഉപയോഗിക്കാവുന്നത് 70 ലക്ഷം

 

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. നിലവില്‍ തയ്യാറാക്കിയ റേറ്റ് ചാര്‍ട്ടുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുള്ളവര്‍ 24 മണിക്കൂറിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കേണ്ടതാണെന്ന് യോഗത്തില്‍ അറിയിച്ചു. റേറ്റ് ചാര്‍ട്ട് കലക്ടറേറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള എല്ലാ ചെലവുകളും നിരീക്ഷിക്കുന്നുണ്ടെന്ന് സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍ യോഗത്തില്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നോമിനേഷന്‍ നല്‍കുന്ന ദിവസം വരെയുള്ള  ചെലവുകള്‍ പാര്‍ട്ടിയുടെ ചെലവിനത്തിലും ശേഷം ഉണ്ടാകുന്ന സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട ചെലവുകള്‍ അവരുടെ ചെലവിനത്തിലുമാവും രേഖപ്പെടുത്തുക. ഇതിനായി ഒരു ഷാഡോ രജിസ്റ്ററും തയ്യാറാക്കിയിട്ടുണ്ട്. ചെലവ് നിരീക്ഷിക്കുന്നതിനായി എക്സ്പെന്റീച്ചര്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ ടീമുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അസിസ്റ്റന്റ് എക്സ്പെന്റീച്ചര്‍ ഒബ്സര്‍വര്‍, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം, വീഡിയോ സര്‍വെയ്ലന്‍സ് ടീം, വീഡിയോ വ്യൂവിംഗ് ടീം, അക്കൗണ്ടിംഗ് ടീം എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം സ്ഥാനാര്‍ത്ഥികള്‍ അവരുടെ ചെലവ് വിവരം സമര്‍പ്പിക്കേണ്ടതാണ്.  ഈ വിവരങ്ങള്‍ ഷാഡോ രജിസ്റ്ററുമായി താരതമ്യപ്പെടുത്തുകയും പൊരുത്തക്കേടുകളുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയോട് വിശദീകരണം ചോദിക്കുകയും ചെയ്യും. സ്ഥാനാര്‍ത്ഥികള്‍ ഹാജരാക്കുന്ന ചെലവ് വിവരത്തോടൊപ്പം അവ സ്ഥിരീകരിക്കുന്ന വൗച്ചറുകളും സമര്‍പ്പിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ 90 ദിവസത്തിനുള്ളില്‍ ചെലവ് വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷനെയും അറിയിക്കേണ്ടതാണ്.70 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ കഴിയുക. നോമിനേഷന്‍ നല്‍കുന്നതിന് ഒരു ദിവസം മുമ്പ് സ്ഥാനാര്‍ത്ഥികള്‍ ഒരു ബാങ്ക് അക്കൗണ്ട് പുതുതായി ആരംഭിക്കണം. ഇലക്ഷന്‍ ഏജന്റിന്റെയും സ്ഥാനാര്‍ത്ഥിയുടെയും ജോയിന്റ് അക്കൗണ്ടും പരിഗണിക്കും. എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പാടില്ല.  

സ്ഥാനാര്‍ത്ഥികള്‍ അവരുടെ ദൈനംദിന ചെലവുകള്‍ കൃത്യമായി രേഖപ്പെടുത്തണം. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ബുക്ക്ലെറ്റുകള്‍ ലഭ്യമാക്കും. മൂന്ന് നിറങ്ങളിലുള്ള പേപ്പറുകളിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ വെള്ള നിറത്തിലുള്ള പേജുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ഓരോ ദിവസത്തെയും വരവു-ചെലവുമായി ബന്ധപ്പെട്ട കണക്കുകളും പിങ്ക് നിറത്തിലുള്ള പേജില്‍ പണമിടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങളും മഞ്ഞ നിറത്തിലുള്ള പേജില്‍ ബാങ്ക് മുഖാന്തിരം നടത്തിയിട്ടുള്ള ഇടപാടുകളുടെ വിവരങ്ങളുമാണ് രേഖപ്പെടുത്തേണ്ടത്. ഈ വിവരങ്ങള്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും എക്സ്പെന്റീച്ചര്‍ ഓഫീസര്‍ പരിശോധിക്കും. 

തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് ഓരോ സ്ഥാനാര്‍ത്ഥിയും 10000 രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ നടത്തുമ്പോള്‍ ക്രോസ്ഡ് ചെക്കായി മാത്രമേ നല്‍കാന്‍ പാടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അസിസ്റ്റന്റ് എക്സ്പെന്റീച്ചര്‍ ഒബ്സേര്‍വര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

date