Skip to main content

ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി മന്ത്രി എത്തി

ഓഖി ദുരന്തത്തില്‍ കടലില്‍ കാണാതായതും മരിച്ചതുമായ മത്‌സ്യത്തൊഴിലാളികളുടെ വീടുകളില്‍ സാന്ത്വനവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. അടിമലത്തുറയില്‍ നിന്നുള്ള മത്‌സ്യത്തൊഴിലാളികളുടെ ഭവനങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായം വേഗം ലഭ്യമാക്കുമെന്ന് മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു. 

അടിമലത്തുറ പള്ളിയിലെത്തിയ മന്ത്രി തുടര്‍ന്ന് കടലില്‍ കാണാതായ സ്‌റ്റെല്ലസിന്റെ വീട്ടിലെത്തി. ഭാര്യ സുശീലയോടും മക്കളോടും സംസാരിച്ചു. തുടര്‍ന്ന് വിന്‍സെന്റ്, സേസ്‌ലേന്റ്, ആന്റണി, ലോറന്‍സ്, അന്തോണീസ് നെറ്റോ, ആന്റണി, ഷിലുവയ്യന്‍, ലോര്‍ദോണ്‍, കിരണ്‍, സൈമണ്‍ എന്നിവരുടെ വീടുകളില്‍ മന്ത്രിയെത്തി. ഫൈബര്‍ ബോട്ടുകളില്‍ പോകുന്ന മത്‌സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ കരുത്തുള്ള ബോട്ടുകള്‍ ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.   

മഴക്കാലത്ത് അടിമലത്തുറയില്‍ മലിനജലം ഒഴുകിയെത്തുന്നതിന് പരിഹാരം കാണണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. അടിമലത്തുറയില്‍ ഒരു ആശുപത്രി വേണമെന്ന ജനങ്ങളുടെ ആവശ്യവും പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. ഇന്നലെ (ഡിസംബര്‍ 14) വൈകിട്ട് മൂന്നു മണിയോടെ അടിമലത്തുറയിലെത്തിയ മന്ത്രി രണ്ടു മണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. 

പി.എന്‍.എക്‌സ്.5339/17

date