Skip to main content

സ്‌കൂളുകളിലും വിദ്യാഭ്യാസ ഓഫീസുകളിലും സീറോ വേസ്റ്റ് പദ്ധതി

ജില്ലയിലെ സ്‌കൂളുകളിലെയും വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള  ഓഫീസുകളിലെയും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാനും ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റാനും ലക്ഷ്യമിട്ട് സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കുന്നു. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന് ഓഫീസുകളുടെ നിര്‍വഹണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും സ്‌കൂള്‍ മേധാവികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം സീറോ വേസ്റ്റ് പ്രവര്‍ത്തകര്‍ സ്‌കൂളുകളിലും ഓഫീസുകളിലും നേരിട്ട് എത്തി മാലിന്യങ്ങള്‍ ശേഖരിക്കും. ആദ്യഘട്ടത്തില്‍ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍, ഓഫീസ് അധികാരികള്‍ക്ക്  കൈമാറിയിട്ടുണ്ട്.
ഓഫീസുകളിലെയും സ്‌കൂളുകളിലെയും എല്ലാ മാലിന്യങ്ങളും സീറോ വേസ്റ്റ് കേന്ദ്രവുമായി സഹകരിച്ച് പുനരുപയോഗത്തിനായി അയക്കണം. ഇവ കത്തിക്കാന്‍ പാടില്ല. പൊതു സ്വകാര്യ ആവശ്യങ്ങള്‍ക്ക്  ഓഫീസിലേക്കോ സ്‌കൂളിലേക്കോ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കൊണ്ടു വരുന്നതും ഉപയോഗിക്കുന്നതും പൂര്‍ണ്ണമായും ഒഴിവാക്കണം. ഔദ്യോഗികാവശ്യങ്ങള്‍ക്ക് വരുന്ന തെര്‍മോകോള്‍ ഒഴികെയുളള പ്ലാസ്റ്റിക് കവറുകള്‍ മാത്രമേ സീറോ വേസ്റ്റ് സ്വീകരിക്കൂ.
ഓഫീസിലും സ്‌കൂളിലും മറ്റും നടക്കുന്ന പൊതു-സ്വകാര്യ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താനും വേണ്ട സഹായങ്ങള്‍ക്കും കുറഞ്ഞത് രണ്ട് ദിവസം മുമ്പ് സഹായ കേന്ദ്രത്തില്‍ അറിയിക്കണം. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി സ്‌കൂളുകളില്‍ ഓരോ ക്ലാസിലും രണ്ട് ചാക്കുകള്‍ വെക്കണം. ഒന്നില്‍ എല്ലാ വിധ പേപ്പറുകളും രണ്ടാമത്തേതില്‍ എഴുതി തീര്‍ന്ന പേനയടക്കമുള്ള പ്ലാസ്റ്റിക്കും ശേഖരിക്കും. ക്ലാസ് ലീഡര്‍മാര്‍മാര്‍ക്കായിരിക്കും അതത് ക്ലാസിന്റെ ഗ്രീന്‍ പ്രോട്ടോകോള്‍  പരിപാലനം നടപ്പാക്കേണ്ട ചുമതല. മേല്‍നോട്ടം വഹിക്കുന്നതിനായി അധ്യാപകരെയും ഗ്രീന്‍ പ്രോട്ടോകോള്‍ ടീച്ചറെയും പ്രധാനാധ്യാപകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്- സീറോ വേസ്റ്റ് മലപ്പുറം, സിവില്‍ സ്റ്റേഷന്‍ മലപ്പുറം.  ഫോണ്‍- 9400050800, 9037991411.

 

date