Skip to main content

ന്യൂനപക്ഷ സംരക്ഷണവും ദലിത് സംരക്ഷണവും   ഭരണഘടനാ സംരക്ഷണത്തിന്റെ ഭാഗം: മന്ത്രി എ.കെ. ബാലന്‍ 

ന്യൂനപക്ഷ സംരക്ഷണവും ദലിത് സംരക്ഷണവും സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിന്റെ ഭാഗമാണെന്ന് പിന്നാക്കക്ഷേമ വകുപ്പു മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. രാജ്യത്തിന് അപകടം വരുത്തുന്ന ഭീകരവാദ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഏതുതരത്തിലുള്ള വര്‍ഗീയതയും അതിനെത്തുടര്‍ന്നുള്ള ഭീകരവാദവും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സംഘടിപ്പിച്ച ന്യൂനപക്ഷദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    സാര്‍വദേശീയമായി മതന്യൂനപക്ഷങ്ങള്‍ ആശങ്കാകുലരായ ഇക്കാലത്ത് ന്യൂനപക്ഷ ദിനാചരണത്തിന് പ്രസക്തിയുണ്ട്. നമ്മുടെ രാഷ്ട്രം മതാധിഷ്ഠിതമല്ല. ഭരണഘടനാ നിര്‍മാണ സഭയില്‍ ഭൂരിപക്ഷം പേരും ഹിന്ദുക്കളായിരുന്നു. വേണമെങ്കില്‍ അവര്‍ക്ക് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാമായിരുന്നു. പക്ഷേ, അതിന്റെ ദൂരവ്യാപക ഫലത്തെക്കുറിച്ച് അവര്‍ക്ക് ശരിയായ ബോധ്യമുണ്ടായിരുന്നു. ബഹുസ്വരതയുടെ ദേശീയതയാണ് ഇന്ത്യക്കുള്ളതെന്നും മന്ത്രി പറഞ്ഞു.  

    സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. മുഹമ്മദ് ഫൈസല്‍, അഡ്വ. ബിന്ദു എം. തോമസ്, ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ മൊയ്തീന്‍കുട്ടി, തിരുവന്തപുരം വലിയഖാസി, ചേലക്കുളം അബുല്‍ ബുഷ്‌റാ മൗലവി, തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ എച്ച്. പെരേര, തിരുവനന്തപുരം കരിയര്‍ കോച്ചിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ അയൂബ് എ., കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ബിന്ദു തങ്കച്ചി എം.കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.5384/17

date