Skip to main content

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക്  മരങ്ങളുടേയും ചെടികളുടേയും പേരുകള്‍

തൃശ്ശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക് കേരളത്തിലെ മരങ്ങളുടേയും പൂച്ചെടികളുടേയും പേരുകള്‍ നല്‍കും.  സ്‌കൂള്‍ കലോത്സവം പൂര്‍ണമായും ഹരിതനയം പാലിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.  പ്രശസ്ത കഥാകാരി മാധവിക്കുട്ടിയുടെ (കമലാസുരയ്യ) സ്മരണ ഉണര്‍ത്തുന്ന നീര്‍മാതളം എന്നാണ് മുഖ്യവേദിയുടെ പേര്.  സന്ധ്യക്ക് ശേഷം സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന വേദിയുടെ പേര് നിശാഗന്ധി യെന്നാണ്. പാചകശാലയ്ക്ക് തൃശ്ശൂരിന്റെ നെല്ലിനമായ പൊന്നാര്യന്‍ എന്നും ഭോജനശാലയ്ക്ക് സര്‍വസുഗന്ധി എന്നും പേരിട്ടു.  ഗ്രീന്‍പ്രോട്ടോകോള്‍ കമ്മിറ്റി ഓഫീസിന്റെ പേര് തുളസിയെന്നാണ്.

നീലക്കുറിഞ്ഞി, തേന്‍വരിക്ക, ചെമ്പരത്തി, നീലോല്പലം, നീര്‍മരുത്, നന്ത്യാര്‍വട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, ചെമ്പകം, ദേവദാരു, പവിഴമല്ലി, നിത്യകല്യാണി, രാജമല്ലി, സൂര്യകാന്തി, നീലക്കടമ്പ്, ശംഖുപുഷ്പം, നീലത്താമര, അശോകം, കാശിത്തുമ്പ, ചന്ദനം, കേരം എന്നിങ്ങനെയാണ് മറ്റുള്ള 22 വേദികളുടെ പേരുകള്‍.

മുഖ്യവേദിയായ നീര്‍മാതളത്തിന് പുറമേ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന നിശാഗന്ധിയും നൃത്തപരിപാടികള്‍ക്കായുള്ള നീലക്കുറിഞ്ഞിയും തേക്കിന്‍കാട് മൈതാനത്താണ് ഒരുക്കിയിരിക്കുന്നത്.  2018 ജനുവരി ആറു മുതല്‍ 10 വരെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം.  വേദികളുടെ പേരുകളോടൊപ്പം അതാത് മരങ്ങളുടേയും ചെടികളുടേയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.  കഴിഞ്ഞ വര്‍ഷം കേരളത്തിലെ നദികളുടേയും  പുഴകളുടേയും പേരുകളാണ് വേദികള്‍ക്ക് നല്‍കിയത്.

   പി.എന്‍.എക്‌സ്.5393/17

date