Skip to main content

കുട്ടികളെ കുറ്റക്കാരാക്കുന്നതിന്റെ ഉത്തരവാദിത്വം സമൂഹത്തിന് - മന്ത്രി കെ. കെ. ശൈലജ

നിഷ്‌കളങ്കരായി ജനിക്കുന്ന കുട്ടികളെ കുറ്റക്കാരാക്കുന്നതിന്റെ ഉത്തരവാദിത്വം സമൂഹത്തിനാണെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ പട്ടം സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂളിൽ സംഘടിപ്പിച്ച സാർവദേശീയ ബാലവേല വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നല്ല സമൂഹത്തിന് കുഞ്ഞുങ്ങളെ നല്ല മനുഷ്യരാക്കി  മാറ്റാൻ സാധിക്കും. ചൂഷണങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിച്ചേ മതിയാകൂ. രാജ്യത്ത് അനവധി ബാലാവകാശ സംരക്ഷണ നിയമങ്ങളുണ്ട്. എന്നാൽ ഈ നിയമങ്ങൾ സംരക്ഷിച്ചതു കൊണ്ടുമാത്രം കുട്ടികൾ സംരക്ഷിക്കപ്പെടുന്നില്ല. കുട്ടികളെ നേർവഴിക്ക് നയിക്കുന്നതിൽ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും ഒരുപോലെ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ പി. സുരേഷ് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട് പി. വി., ഡോ. എം. പി. ആന്റണി, ഫാ ജോൺ സി. സി., ശ്രീല മേനോൻ, അനിത ദാമോദരൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ എബി എബ്രഹാം, പി. ടി. എ. പ്രസിഡന്റ് ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
പി.എൻ.എക്സ്.1755/19

date