Skip to main content

കേരള സംസ്ഥാന അക്ഷയ ഊർജ അവാർഡ് 2018 പ്രഖ്യാപിച്ചു

 

ഊർജ മേഖലയിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന അക്ഷയ ഊർജ അവാർഡ് 2018 പ്രഖ്യാപിച്ചു.
പ്രൊഫസർ ആർ.വി.ജി. മേനോൻ (മുൻ അനെർട്ട് ഡയറക്ടർ), ഡോ.ആർ. ശശികുമാർ ( CAPE   ഡയറക്ടർ), കെ. അശോകൻ (മുൻ ബോർഡ് മെമ്പർ, കെ.എസ്.ഇ.ബി), വി.കെ ജോസഫ് (ചീഫ് എൻജിനീയർ ( REES, KSEBL), എബി ജോസഫ് (ജോയിന്റ് ഡയറക്ടർ (PEG, CDAC ), ഡോ.ആർ. ഹരികുമാർ (ഇ.എം.സി), സി.റ്റി. അജിത് കുമാർ (സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, അനെർട്ട്) എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് ജേതാക്കളെ നിശ്ചയിച്ചതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വ്യക്തികൾ ഒഴികെയുള്ള എല്ലാ വിഭാഗങ്ങൾക്കും ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് അവാർഡ്. വ്യക്തിഗത വിഭാഗത്തിന് അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് ലഭിക്കുന്നത്. ഓരോ വിഭാഗത്തിനും ഒന്നിലധികം ആളുകൾ അവാർഡിന് അർഹരായിട്ടുണ്ടെങ്കിൽ അവാർഡ് തുക തുല്യമായി വീതിച്ച് നൽകും. പ്രോത്സാഹന സമ്മാനത്തിന് അർഹരായവർക്ക് ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
37 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. വ്യവസായ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ആലപ്പുഴ വിൽട്ടൺ വീവേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ് അവാർഡ്. 
വാണിജ്യ സ്ഥാപന വിഭാഗത്തിൽ ആർക്കും അവാർഡില്ല. പാലക്കാട് അഹല്യ ഹെൽത്ത് ഹെറിറ്റെജ് & നോളെഡ്ജ് വില്ലജ്, കോട്ടയ്ക്കൽ വൈദ്യരത്‌നം പി.എസ്. വാരിയെഴ്‌സ് ആര്യവൈദ്യശാല എന്നിവർക്ക് പ്രശസ്തിപത്രം ലഭിക്കും. 
വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തിൽ കോളേജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം, പാല സെന്റ് ജോസെഫ്‌സ് കോളേജ് ഓഫ് എൻജിനിയറിംഗ് & ടെക്‌നോളജി എന്നിവർക്ക് അവാർഡ് ലഭിച്ചു. ഇടുക്കി രാജകുമാരി ജി.വി.എച്ച്.എസ്.എസ്, അടൂർ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എറണാകുളം സെന്റ് തേരേസാസ് കോളേജ് എന്നിവർക്ക് പ്രോത്സാഹന സമ്മാനം ലഭിക്കും. 
പൊതു സ്ഥാപനങ്ങളിൽ തിരുവനന്തപുരം ടെക്‌നോപാർക്കിനാണ് അവാർഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പ്രശസ്തിപത്രം. 
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററിന് അവാർഡ് ലഭിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സിസി കത്തിഡ്രലിന് പ്രശസ്തി പത്രം. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോട്ടയം കാണക്കാരി ഗ്രാമപഞ്ചയത്തും ആലപ്പുഴ തുറവൂർ ഗ്രാമപഞ്ചായത്തും അവാർഡ് പങ്കുവച്ചു. 
റിസർച്ച് & ഇന്നൊവേഷൻ വിഭാഗത്തിൽ എറണാകുളം അമൃത വിശ്വവിദ്യാപീഠം, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് എന്നിവർക്ക് പ്രശസ്തിപത്രം ലഭിക്കും. 
അക്ഷയ ഊർജ രംഗത്തെ വ്യവസായ സ്ഥാപനങ്ങളിൽ തൃശൂർ സോൾജൻ എനർജി പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം മൂപ്പൻസ് എനർജി സൊലുഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ അവാർഡ് പങ്കുവച്ചു. കോഴിക്കോട് മുഹമ്മദ് സുബീർ അലിക്കാണ് പ്രോത്സാഹന സമ്മാനം. 
വ്യക്തികളിൽ കോഴിക്കോട് എൻ.ഐ.ടിയിലെ ഡോ.എസ്.കുമാരവേലിനാണ് പുരസ്‌കാരം. തിരുവനന്തപുരം കർമ്മധാര ചാരിറ്റബിൾ സൊസൈറ്റിയിലെ സുനീഷ് കുമാർ, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിലെ  സേവിയർ ജെ.എസ്.  എന്നിവർക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്.
പി.എൻ.എക്സ്.1862/19

date