Skip to main content
വയന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം പിപി ശ്രീധരനുണ്ണി നിര്‍വഹിക്കുന്നു

സാമൂഹ്യബോധം വളരാന്‍ വായന  അനിവാര്യം                                                          : പി.പി.ശ്രീധരനുണ്ണി

  വായനയിലൂടെ ആര്‍ജ്ജിക്കുന്ന സാമൂഹ്യ ബോധം മനുഷ്യനെ ശരിയായ ദിശയിലേക്ക് നയിക്കുമെന്ന് കവിയും ഗാനരചയിതാവുമായ പി.പി ശ്രീധരനുണ്ണി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വായനാ പക്ഷാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വയനാട് ഡയറ്റില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കഥകളിലേയും കഥാപാത്രനിര്‍മിതിക്ക് പിന്നിലൊരു ജീവിത തത്വശാസ്ത്രമുണ്ട്. മനുഷ്യജീവിതത്തിന്റെ കഥകളും ചരിത്രകഥകളും വായിക്കുന്നതോടൊപ്പം പ്രകൃതിയെ കൂടി വായിക്കാന്‍ ശ്രമിച്ചാല്‍ വായനയുടെ മണ്ഡലങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ ചരിത്രങ്ങള്‍ക്കൊപ്പം പ്രകൃതിയെയും കൂടുതലറിയാനുള്ള ശ്രമം വളരണം. എഴുത്ത് നോക്കി ക്രമത്തില്‍ ചൊല്ലുകയെന്നത് മാത്രമല്ല വായന. മനസ്സിലേക്ക് ഉള്‍ക്കൊള്ളുന്ന വിധമുള്ള ആഴത്തിലുള്ള വായനയാണ് നമുക്കെല്ലാം വേണ്ടെന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖരന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.ബാലഗോപാല്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.എം.സെബാസ്റ്റ്യന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വേടക്കണ്ടി വിജയന്‍, ഡയറ്റ് അധ്യാപകന്‍  എന്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വയന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം പിപി ശ്രീധരനുണ്ണി നിര്‍വഹിക്കുന്നു

date