Skip to main content

വിദ്യാഭ്യാസം ആധുനികവത്കരിക്കും, വിദ്യാലയങ്ങളെ ജനങ്ങള്‍ നയിക്കും -വിദ്യാഭ്യാസ മന്ത്രി സി. രവീന്ദനാഥ്

അടുത്ത അധ്യയനവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും കേരളത്തിലെ സ്‌കൂളുകള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ എട്ട് മാസത്തിനുള്ളില്‍ തന്നെ പൂര്‍ണമായും ഹൈടെക് ആക്കും. കേരളത്തിന്റെ വിദ്യാഭ്യാസത്തെ നയിക്കേണ്ടത് കേരളത്തിന്റെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളാണ്. മൂലധന താല്പര്യങ്ങളില്‍ നിന്നും  കോര്‍പ്പറേറ്റ്  താല്പര്യങ്ങളില്‍ നിന്നും മുക്തമായ ജനകീയ വിദ്യാഭ്യാസമാണ് കേരളത്തിന്റേതെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രധാനാധ്യാപകര്‍ക്കും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കും വേണ്ടി നടത്തിയ ശില്പശാല മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ലാസ് മുറികളുടെ കിളിവാതിലുകള്‍ അറിവിന്റെ ലോകത്തേക്ക് തുറന്നിടുകയാണ്. അത്തരം അറിവുകളുടെ ഇടമാണ് ക്ലാസ് എന്ന ബോധം അധ്യാപകരിലാണ് ആദ്യം ഉണ്ടാകേണ്ടതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ആയിരം സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടായിരുന്നു. ഇതില്‍  141 എണ്ണം യാഥാര്‍ഥ്യമാകുന്നു. 138 എണ്ണത്തിന് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. ഇതിനുപുറമെ വിഷന്‍ 100 എന്ന ലക്ഷ്യവും വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് സമൂഹം എന്തു പ്രതീക്ഷിക്കുന്നുവോ അത് 100 ശതമാനവും നിറവേറ്റുക എന്നതാണ് വിഷന്‍ 100 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ആധുനികവത്കരണം എന്നത് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പ്രധാന അജന്‍ഡയാണ്. ഭക്ഷണമുണ്ടാക്കുന്ന സ്ഥലം, ഭക്ഷണം കഴിക്കുന്ന സ്ഥലം, മൂത്രപ്പുര എന്നിവ വൃത്തിയുള്ളതാക്കും. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. ഭൗതിക സാഹചര്യങ്ങളുടെ ആധുനികവത്കരണം, ജനകീയ ഇടപെടല്‍, അക്കാദമിക് മികവ് എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുപോകുന്നത്. അക്കാദമിക് മികവാണ് വിദ്യാലയത്തിന്റെ മികവ് എന്നതാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ മുദ്രാവാക്യം. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ എല്ലാ വിദ്യാലയങ്ങളും തയ്യാറാക്കണം. സിലബസ് അനുസരിച്ച് എന്തെല്ലാം അറിവുകള്‍ ആര്‍ജിക്കണമെന്ന് ലക്ഷ്യമിടുന്നുവോ ആ അറിവ് പൂര്‍ണമായും വിദ്യാര്‍ഥി ആര്‍ജിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുന്നതാണ് മിനിമം അക്കാദമിക് മികവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി സി രവീന്ദ്രനാഥ് വിശദീകരിച്ചു. നഗരസഭാ ചെയര്‍പെഴ്‌സണ്‍ സിഎച്ച് ജമീല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടര്‍   സിഐ വത്സല ചടങ്ങില്‍  പങ്കെടുത്തു.

 

date