Skip to main content

ജലശക്തി അഭിയാന്‍ ജലവിനിമയ നയരൂപരേഖ തയ്യാറായി

ജില്ലയില്‍ ജലശക്തി അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നതിനോടനുബന്ധിച്ചുള്ള ജലവിനിമയ രൂപരേഖ അവതരിപ്പിച്ചു. ഡിപിസി ഹാളില്‍ സംഘടിപ്പിച്ച ജലശക്തി അഭിയാന്‍ ജില്ലാതല ശില്പശാലയില്‍ നോഡല്‍ ഓഫീസറും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുമായ വി.എം അശോക് കുമാറാണ് നയ രൂപരേഖ അവതരിപ്പിച്ചത്. ജലസംരക്ഷണവും മഴവെള്ള സംഭരണവും, പരമ്പരാഗത ജലസ്രോതസുകളുടെ നവീകരണം, വനവത്കരണം, നീര്‍ത്തട വികസനം, ബോധവല്‍ക്കരണ പരിപാടികള്‍ എന്നീ അഞ്ചു മേഖലകളിലൂന്നിയാണ് ജല വിനിമയ നയരൂപരേഖ തയ്യാറാക്കിയത്. 

അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍

നയരൂപരേഖ പ്രകാരം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അടിസ്ഥാന വികസന പദ്ധതികള്‍ക്ക് പ്രഥമ പരിഗണന നല്‍കും. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന നദികളിലെല്ലാം കിഫ്ബിയുടെ സഹായത്തോടെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കും. ജലത്തിന്റെ ഗുണനിലവാരം അളക്കുന്നതിനായി പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ജില്ലയുടെ വിവിധ മേഖലകളില്‍ വ്യത്യസ്ഥമായ അളവില്‍ മഴ ലഭിക്കുന്നതിനാല്‍ ജില്ലയെ അഞ്ചു കാര്‍ഷിക-പരിസ്ഥിതി മേഖലകളായി തിരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഭൂഗര്‍ഭജല ലഭ്യത മനസിലാക്കുന്നതിനായി സ്ഥിരം സംവിധാനമേര്‍പ്പെടുത്തും. 

കാര്യനിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍

നദീജലം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി രൂപരേഖ തയ്യാറാക്കുകയും ജലസ്രോതസുകളുടെ മാപ്പിങ്ങ് നടത്തുകയും ചെയ്യും. കാസര്‍കോട് വികസന പാക്കേജില്‍ ജലക്ഷാമം രൂക്ഷമായ ബ്ലോക്കുകളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും മഴവെള്ള സംഭരണത്തിനും പ്രഥമ പരിഗണന നല്‍കും. കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളില്‍ ചെറുകിട നീര്‍ത്തട വികസനപദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തും. സംയോജിത കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കും. കുടുംബശ്രീ, ഹരിതകേരള മിഷന്‍, നെഹ്‌റു യുവജന കേന്ദ്ര, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സഹായത്തോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. അടുത്ത മൂന്നു വര്‍ഷത്തിനകം ജില്ലയുടെ വനമേഖല മൂന്ന് ശതമാനത്തില്‍ നിന്നും 10 ശതമാനമായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അമിതമായ ജലമുപയോഗം നടത്തുന്ന മരങ്ങളെ മാറ്റി കുറഞ്ഞ തോതില്‍ വെള്ളം ആവശ്യമായ മരങ്ങള്‍ നട്ടുപിടിപ്പിക്കും. ലാറ്ററൈറ്റ് മേഖലകളിലെ മണ്ണ് സമ്പുഷ്ടമാക്കുന്നതിനായി സര്‍ക്കാര്‍-സ്വകാര്യ ഭൂമികളില്‍ മുളകൃഷി വ്യാപിപ്പിക്കും. ജലസ്രോതസുകളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇനിയുള്ള ചെക്കുഡാമുകളുടെ നിര്‍മ്മാണം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും. നദീതടങ്ങളിലും കടല്‍തീരങ്ങളിലും പ്രകൃതിപരമായ പ്രതിരോധം തീര്‍ക്കും. ജലക്ഷാമം രൂക്ഷമായ കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നീ ബ്ലോക്കുകളില്‍ ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യുന്നതിനായി മൂന്നുവര്‍ഷത്തിനകം ആയിരത്തോളം ചെറു കുളങ്ങള്‍ നിര്‍മ്മിക്കും. ഉപേക്ഷിക്കപ്പെട്ട ക്വാറികളും കിണറുകളും വെള്ളം റീചാര്‍ജ് ചെയ്യുന്നതിനായി ഉപയോഗിക്കും. ജലസ്രോതസ്സുകളായ പള്ളങ്ങള്‍ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യും. നൂറു ശതമാനം പാടങ്ങളിലും നെല്‍കൃഷി ഉറപ്പാക്കും. കാര്‍ഷിക ജലസേചനത്തിന് സ്പ്രിംഗ്ലര്‍ പ്രയോഗം നിര്‍ത്തലാക്കി തുള്ളി ജലസേചന സംവിധാനം വ്യാപകമാക്കും. മാതൃകാ പരമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് നല്‍കും. 

നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍

കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റും നദികളില്‍ നിന്നും ചാലുകളില്‍ നിന്നും നേരിട്ട് ജലസേചനം നടത്തുന്നത് നിയന്ത്രിക്കും. ജലക്ഷാമം രൂക്ഷമായ ബ്ലോക്കുകളില്‍ കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നതിന് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തും. മറ്റു ബ്ലോക്കുകളിലും നിയന്ത്രണങ്ങള്‍ക്കായി നടപടി സ്വീകരിക്കും. മഴവെള്ള സംഭരണത്തിനും റീചാര്‍ജിനും സംവിധാനമുള്ള കെട്ടിടങ്ങള്‍ക്ക് മാത്രം ബില്‍ഡിങ് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. തുള്ളി ജലസേചന സംവിധാനമുള്ളവര്‍ക്ക് മാത്രം സൗജന്യ കാര്‍ഷിക വൈദ്യുതി അനുവദിക്കും. ഖനന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും. മാലിന്യ സംസ്‌കരണത്തിന് ഹരിത ചട്ടം ഏര്‍പ്പെടുത്തും. അമിത ജല ഉപഭോഗം നടത്തുന്ന വ്യവസായങ്ങള്‍ക്ക് ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

date