Skip to main content

വെള്ളം കുറഞ്ഞുതുടങ്ങി, ആശങ്ക കുറഞ്ഞതായി വിലയിരുത്തൽ

മഴ കുറഞ്ഞുതുടങ്ങിയതിനാൽ വെള്ളം ഇറങ്ങിത്തുടങ്ങിയത് രക്ഷാപ്രവർത്തനം സുഗമമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുമായി നടന്ന വീഡിയോ കോൺഫറൻസിംഗ് യോഗം വിലയിരുത്തി. ക്യാമ്പുകളിലെ കാര്യങ്ങളിൽ പ്രത്യേകശ്രദ്ധ ഉറപ്പാക്കാനും തീരുമാനമായി.

മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിലുള്ളവരെ ഒഴിപ്പിക്കുകയാണ് ഇനിയുള്ള പ്രധാന രക്ഷാപ്രവർത്തനം. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ ക്യാമ്പുകളിൽ നിന്ന് ആളുകൾ പലരും വീടുകളിലേക്ക് മാറിപ്പോകുന്നുണ്ടെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. വയനാട്, മലപ്പുറം ജില്ലകളിൽ മണ്ണിടിച്ചിൽ സാധ്യതയിലുള്ള മേഖലയിലുള്ളവരെ ഒഴിപ്പിച്ചതായി കളക്ടർമാർ യോഗത്തിൽ അറിയിച്ചു. മഴ കുറഞ്ഞത് മണ്ണിടിഞ്ഞ മേഖലകളിലെ തെരച്ചിൽ കുടുതൽ സുഗമമാക്കിയിട്ടുണ്ട്. അടിയന്തിരസഹായത്തിന് സേനാവിഭാഗങ്ങൾ ആവശ്യമായ ജില്ലകളിൽ സജ്ജമാണ്. 

പൊതുവിൽ എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളേക്കാൾ വെള്ളപ്പൊക്കമേഖലകളിലും നദികളും വെള്ളം നല്ലരീതിയിൽ കുറഞ്ഞുവരുന്നതായി കളക്ടർമാർ അറിയിച്ചു. മിക്ക പ്രദേശങ്ങളിൽ തകരാറിലായ വൈദ്യുതി പോസ്റ്റുകളും ലൈനുകളും അതിവേഗത്തിൽ പുനഃസ്ഥാപിച്ച് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെ.എസ്.ഇ.ബി നടപടികൾ എടുക്കുന്നുണ്ട്. മൊബൈൽ കണക്ടിവിറ്റിയും പ്രത്യേക ജനറേറ്ററുകൾ സജ്ജീകരിച്ച് ടവറുകൾ ചാർജ് ചെയ്ത് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് കളക്ടർമാർ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ ബണ്ടുകൾ മുറിഞ്ഞ് വെള്ളം കയറാതിരിക്കാൻ ജാഗ്രത തുടരാനും മുഖ്യമന്ത്രി നിർദേശിച്ചു. 

ജില്ലയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണവും രക്ഷാപ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും കളക്ടർമാർ വിശദീകരിച്ചു. അതത് ജില്ലകൾ പ്രത്യേകമായി ചെയ്യേണ്ട കാര്യങ്ങളും ജാഗ്രത തുടരേണ്ട വിഷയങ്ങളും മുഖ്യമന്ത്രി കളക്ടർമാരെ ഓർമിപ്പിച്ചു. 

യോഗത്തിൽ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീ. ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മേത്ത, ടി.കെ. ജോസ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ െപ്രെവറ്റ് സെക്രട്ടറി ആർ. മോഹൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ, ലാൻറ് റവന്യൂ കമ്മീഷണർ സി.എ. ലത, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.2865/19

date