Skip to main content

ക്യാമ്പിലെ കുട്ടികള്‍ക്ക് മാന്നാനത്തുനിന്ന് ഒരു തിരിവെട്ടം

ദുരിതാശ്വാസ ക്യാമ്പുകളില്‍ കറണ്ടു പോയാല്‍ അവിടെ താമസിക്കുന്ന കുട്ടികള്‍ എന്തു ചെയ്യും? അമ്മയ്ക്കൊപ്പമാണെങ്കിലും ഇരുട്ട് അവരെ പേടിപ്പെടുത്തില്ലേ? പ്രകൃതിക്ഷോഭത്തില്‍ പെട്ടവരെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ മുതല്‍ മാന്നാനത്തെ പതിനൊന്നുകാരന്‍ അഫ്താബിനെയും അനിയന്‍ അദിനാനെയും ആകുലപ്പെടുത്തിയത് ഈ ചിന്തയാണ്.

ബക്രീദിന് കിട്ടുന്ന പോക്കറ്റ് മണികൊണ്ട് കളിപ്പാട്ടങ്ങള്‍ വാങ്ങാറുണ്ടായിരുന്ന ഇരുവരും പണം ഇക്കുറി വീടുവിട്ടു ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായി ചിലവഴിക്കാന്‍ തീരുമാനിച്ചു.  പത്തുകിലോ അരിയും 250 ഗ്രാം കാപ്പിപ്പൊടിയും പിന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത കൂട്ടുകാര്‍ ഇരുട്ടിലാകാതിരിക്കാന്‍ മെഴുകുതിരികളും തീപ്പെട്ടികളും വാങ്ങിയാണ് ഇരുവരും അമ്മയ്ക്കൊപ്പം ഇന്നലെ കോട്ടയം ബസേലിയോസ് കോളേജിലെ ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ കേന്ദ്രത്തിലെത്തിയത്.  

മാന്നാനം ഫര്‍ഹിയില്‍ അനീസിന്‍റെയും നിസാനയുടെയും മക്കളാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന അഫ്താബും എല്‍ കെ ജിക്കാരനായ അദിനാനും. ഇനിയും പണം സ്വരൂപിച്ച് കഴിവുള്ള വിധത്തില്‍ സഹായമെത്തിക്കാനായി അഫ്താബ് ഒരു കുടുക്ക വാങ്ങിയതായി ഉമ്മ നിസാന പറയുന്നു. 

date