Skip to main content

എലിപ്പനിയ്ക്കെതിരെ നാളെ (ആഗസ്റ്റ് 17) ഡോക്സി ദിനം

        പ്രളയാനന്തരം ഉണ്ടായേക്കാവുന്ന എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഡോക്സിസൈക്ലിന്‍ കാമ്പയിന്‍റെ ഭാഗമായി ജില്ലയില്‍ നാളെ (ഓഗസ്റ്റ് 17) ഡോക്സി ദിനം ആചരിക്കും. പ്രളയബാധിത പ്രദേശങ്ങളില്‍ ഉളളവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ശുചീകരണത്തിന് ഇറങ്ങിയവര്‍ക്കും എലിപ്പനി പ്രതിരോധത്തിനുളള ഡോക്സിസൈക്ലിന്‍ ഗുളിക സൗജന്യമായി വിതരണം ചെയ്യുന്ന ദിനാചരണം രാവിലെ 11 ന്  പരിപ്പ് എന്‍.എസ്.എസ് ഹൈസ്കൂളില്‍ ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു ഉദ്ഘാടനം ചെയ്യും.

മുതിര്‍ന്നവര്‍ 100 മില്ലിഗ്രാം വീതമുള്ള രണ്ട് ഗുളികകള്‍ ആഴ്ചയിലൊരിക്കല്‍ ഭക്ഷണത്തിന് ശേഷം കഴിക്കണം. രണ്ട് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍  ഒരു കിലോഗ്രാം തൂക്കത്തിന് നാല് മില്ലിഗ്രാം വീതം ഗുളിക ആഴ്ചയിലൊരിക്കല്‍ കഴിക്കണം. രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരു കിലോഗ്രാം തൂക്കത്തിന് 10 മില്ലിഗ്രാം അസിത്രോമൈസിന്‍ ആഴ്ചയിലൊരിക്കല്‍ നല്‍കണം.

  ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും അമോക്സിസിലിന്‍ 500 മില്ലിഗ്രാം മൂന്ന് നേരം അഞ്ച് ദിവസം കഴിക്കണം. ശരീരത്തില്‍ മുറിവുള്ളവരും മലിന ജലം കുടിക്കാനിടയായവരും 100 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ ഗുളിക രണ്ട് നേരം വീതം അഞ്ച് ദിവസം കഴിക്കണം.

  മലിനജലവുമായി സമ്പര്‍ക്കമുള്ള കാലത്തോളം എല്ലാ ആഴ്ചയും (പരമാവധി ആറാഴ്ച വരെ) ഗുളിക കഴിക്കണം.  ഗുളികയ്ക്ക് പാര്‍ശ്വഫലങ്ങളില്ല. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഉപകേന്ദ്രങ്ങള്‍, ദുരിതാശ്വാസക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ നാളെ സൗജന്യമായി ഗുളിക വിതരണം ചെയ്യും. മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്ന് ഡി.എം.ഒ ഡോ. ജേക്കബ്  വര്‍ഗീസ് അറിയിച്ചു.

date