Skip to main content

നാറാണത്ത് ബ്ലോക്കിലെ 35 ഏക്കര്‍ കൃഷി നശിച്ചു

വൈക്കം നഗരസഭയിലെ നാറാണത്ത് ബ്ലോക്കിലെ 35 ഏക്കര്‍ നെല്‍കൃഷി മടവീണ് നശിച്ചു. 20 വര്‍ഷത്തോളം തരിശ് കിടന്ന ഭൂമിയില്‍ ഏറെ പ്രതീക്ഷയോടെ ഇറക്കിയ നെല്‍കൃഷി പുറംബണ്ട് പൊട്ടി പാടശേഖരങ്ങളിലേക്ക് വെള്ളം കയറിയാണ് നശിച്ചത്.  21 ദിവസം പ്രായമായി ഒരടി ഉയരത്തില്‍ വളര്‍ന്ന നെല്‍ ചെടികളാണ് നശിച്ചത്.

ഏഴു ലക്ഷം രൂപാ ചെലവഴിച്ച് സ്ഥാപിച്ചിരുന്ന മോട്ടോര്‍പ്പുരയും, പെട്ടിയും പറയും പ്രളയത്തിന്‍റെ കുത്തൊഴുക്കില്‍ തകര്‍ന്നു. തരിശുനില നെല്‍കൃഷി വികസന പദ്ധതിയില്‍പ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പാടശേഖരം ശുചീകരിച്ച് വിത്തുപാകിയത്.

നഗരസഭയുടെ പരിധിയില്‍ രണ്ടുപതിറ്റാണ്ടായി തരിശായി കിടന്ന നാറാണത്ത് ബ്ലോക്കിനെ പച്ചപ്പണിയിക്കാന്‍ ഏറെ നാളത്തെ പരിശ്രമം വേണ്ടി വന്നു. നഗരസഭയിലെ കാര്‍ഷിക വികസനസമിതിയാണ് കൃഷിഭവനുമായി ചേര്‍ന്ന് കൃഷിയിറക്കിയത്.

date