Skip to main content
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം

ജില്ലാ ഭരണകൂടത്തിന്റെത് തൃപ്തികരമായ ഇടപെടല്‍

 

ജില്ലയിലുണ്ടായ മഴക്കെടുതികള്‍ ലഘൂകരിക്കുന്നതിലും പുത്തുമലയിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജാഗ്രതയേറിയുള്ള ഇടപെടല്‍ തൃപ്തികരമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.  ഉദ്യോസ്ഥര്‍ രാവും പകലും അടുക്കും ചിട്ടയോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു.  വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയുണ്ടായി, ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കാര്യമായ പരാതികളൊന്നുമില്ല.  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാത്തവരാണ് സര്‍ക്കാരിനയും പ്രതിപക്ഷത്തേയും അടിസ്ഥാനമില്ലാതെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യ മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഒ.ആര്‍.കേളു എം.എല്‍.എ. പറഞ്ഞു.  പുത്തുമലയിലെ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സന്ദര്‍ഭോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. വ്യക്തമാക്കി.  മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്തുന്നതിന് ഇടതടവില്ലാത്ത തിരിച്ചില്‍ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.  മനുഷ്യസാധ്യമായ എല്ലാതരം ഇടപെടലുകളും നടത്തുന്നുണ്ട്.  സബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആഗസ്റ്റ് എട്ടു മുതല്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിലിന് നേതൃത്വം നല്‍കുകയാണ്.  മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെയും സ്ഥിരം സാന്നിധ്യം ജില്ലയിലുണ്ട്.  ക്യാമ്പുകളുടെ നടത്തിപ്പില്‍ വയനാട് ജില്ല മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.രഘുരാമന്‍ പറഞ്ഞു.

date