Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യര്‍ഥിച്ച്  മാനുഷം ഫ്ളാഷ്‌മോബ്

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യര്‍ഥിച്ച് മാനുഷം ഫ്ളാഷ് മോബ്. കേരള സാമൂഹ്യ സുരക്ഷ മിഷന്‍, ജില്ലാ വയോമിത്രം പദ്ധതി, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂരില്‍ സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. രാഷ്ട്രപതിയുടെ മെഡല്‍ ജേതാവും, മൗത്ത് പെയിന്ററുമായ സുനിത തൃപ്പാണിക്കരയില്‍ നിന്ന് സംഭാവന സ്വീകരിച്ചായിരുന്നു ഉദ്ഘാടനം. 
    ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിലെ സാമൂഹ്യ സേവന വിഭാഗം വിദ്യാര്‍ഥികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. നമുക്ക് കൈകോര്‍ക്കാം നവ കേരളത്തിനായി എന്ന ആശയത്തില്‍ അവതരിപ്പിച്ച ഫ്ളാഷ് മോബിന് മികച്ച പിന്തുണയാണ് നാട്ടുകാരില്‍ നിന്നും ലഭിച്ചത്. പയ്യന്നൂര്‍, പിലാത്തറ, തളിപ്പറമ്പ്, ധര്‍മ്മശാല, കണ്ണൂര്‍, തലശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളില്‍ ഫ്ളാഷ്‌മോബ് അരങ്ങേറി. പരിപാടിയുടെ ഭാഗമായി കലക്ടറേറ്റില്‍ എത്തിയ ടീം അംഗങ്ങളുമായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ആശയവിനിമയം നടത്തി.
    ദുരിത ബാധിതര്‍ക്കുള്ള അവശ്യവസ്തുക്കളുടെ സമാഹരണവും പരിപാടിയുടെ ഭാഗമായി നടന്നു. വ്യക്തികള്‍, സംഘടനകള്‍, ഗ്രൂപ്പുകള്‍ തുടങ്ങി നിരവധിപ്പേരാണ് പ്രളയബാധിത മേഖലകളിലേക്കാവശ്യമായ സാധന സാമഗ്രികളുമായെത്തിയത്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രി പരിസരത്ത് നടന്ന പരിപാടിയില്‍ പയ്യന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളിലായി നടന്ന പരിപാടിയില്‍ പങ്കെടുത്തു.
്പി എന്‍ സി/2922/2019

date