Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ
    പ്രളയത്തെത്തുടര്‍ന്ന് എലിപ്പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.  ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും വെള്ളപ്പൊക്കമുണ്ടായതിനാല്‍ കുടിവെള്ളസ്രോതസ്സുകളിലും മറ്റും മലിനജലം കലരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
    ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍, കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്, മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തും. വയലില്‍ പണിയെടുക്കുന്നവരും ഓട, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവരും കൂടുതല്‍ ശ്രദ്ധിക്കണം.
    മൃഗപരിപാലന ജോലികള്‍ ചെയ്യുന്നവര്‍ കൈയുറകളും റബര്‍ ബൂട്ടുകളും ഉപയോഗിക്കുക. പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രങ്ങള്‍  സുരക്ഷയോടെ കൈകാര്യം ചെയ്യുക, കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ ശ്രദ്ധിക്കുക, ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസര്‍ജ്ജ്യ വസ്തുക്കള്‍ കലര്‍ന്ന്് മലിനമാകാതിരിക്കാന്‍ മൂടി വെക്കുക, കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് ഒഴിവാക്കുക (പ്രത്യേകിച്ചും മുറിവുള്ളപ്പോള്‍), ഭക്ഷണസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കാതിരിക്കുക എന്നിവയാണ് എലിപ്പനിക്കെതിരെയുള്ള പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍. 
    മലിനജലവുമായി സമ്പര്‍ക്കമുള്ളവരും ഉണ്ടാകാന്‍ സാധ്യതയുള്ള വരും പ്രത്യേകിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന മുതിര്‍ന്നവര്‍ ഡോക്‌സിസൈക്ലിന്‍  200 മി. ഗ്രാം (100 മി.ഗ്രാമിന്റെ രണ്ട് ഗുളികകള്‍) ആഴ്ചയിലൊരിക്കല്‍ ആറ് ആഴ്ച വരെ കഴിക്കണം. രണ്ട് മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഡോക്‌സിസൈക്ലിന്‍  നാല് മി. ഗ്രാം/കി. ഗ്രാം  (ശരീരഭാരം) ആഴ്ചയിലൊരിക്കല്‍ നല്‍കണം. രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഒരു ഡോസ് അസിത്രോമൈസിന്‍ 10 മി. ഗ്രാം/കി. ഗ്രാം (ശരീരഭാരം) നല്‍കണം. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അമോക്‌സിസിലിന്‍ 500 മി. ഗ്രാം ദിവസം മൂന്ന് നേരം അഞ്ച് ദിവസത്തേക്ക് നല്‍കണം. 
    പ്രതിരോധ ഗുളികയുടെ  ഒരു ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരെ സുരക്ഷ നല്‍കുകയുള്ളൂ. അതിനാല്‍ മലിന ജലവുമായി സമ്പര്‍ക്കം തുടരുന്നവര്‍ ആറ് ആഴ്ചകളിലും പ്രതിരോധ ഗുളികകള്‍ കഴിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിരോധ ഗുളികകള്‍ സൗജന്യമായി ലഭിക്കും. സംശയനിവാരണത്തിന് തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്.
പി എന്‍ സി/2924/2019

ഫോട്ടോഗ്രഫി അവാര്‍ഡ്: എന്‍ട്രികള്‍ ആഗസ്റ്റ് 24 വരെ സ്വീകരിക്കും
    കേരള മീഡിയ അക്കാദമിയുടെ 2018 ലെ ഫോട്ടോഗ്രഫി അവാര്‍ഡിനുളള എന്‍ട്രികള്‍ ആഗസ്റ്റ് 24 വരെ സ്വീകരിക്കും. 2018 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കാണ് അവാര്‍ഡ്.  ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയക്കാം.  ഫോട്ടോകള്‍ 10 ഃ 8 വലിപ്പത്തില്‍ നാല് പ്രിന്റുകള്‍ വീതം അയക്കണം. ഫോട്ടോയില്‍ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപന മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. 
    എന്‍ട്രികള്‍ ഫോട്ടോ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനലും നാല് ഫോട്ടോകളും സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682 030 എന്ന വിലാസത്തില്‍ ആഗസ്റ്റ് 24 ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.  ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരജേതാക്കള്‍ക്കു ലഭിക്കുക. വെബ്‌സൈറ്റ്-  www.keralamediaacademy.org. ഇ മെയില്‍- keralamediaacademy.gov@gmail.com. ഫോണ്‍; 0484 242227.
പി എന്‍ സി/2925/2019

ഓണ്‍ലൈന്‍ ലേലം
    വനം വകുപ്പിന്റെ കണ്ണോത്ത്  ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ സെപ്തംബര്‍ മാസത്തെ വില്‍പന സെപ്തംബര്‍ ഏഴിന് നടക്കും.ഓണ്‍ലൈന്‍ വഴി നടത്തുന്ന തടിലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സൗജന്യ രജിസ്‌ട്രേഷന്‍ കോളയാടുള്ള കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ ആഗസ്ത് 22 ന് രാവിലെ 10.30 ന് നടക്കും. രജിസ്‌ട്രേഷന്‍ നടത്തുവാന്‍ താല്‍പര്യമുള്ളവര്‍ പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍കാര്‍ഡ്, ഇ-മെയില്‍ അഡ്രസ്, ജിഎസ്ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (കച്ചവടക്കാര്‍) എന്നിവ സഹിതം രജിസ്‌ട്രേഷന് ഹാജരാകേണ്ടതാണ്. ഫോണ്‍; 0490 2302080, 8547602859.
പി എന്‍ സി/2926/2019

എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ രജിസ്‌ട്രേഷന്‍ കണ്ണൂരില്‍
    കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ വെച്ച് നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ സെപ്തംബര്‍ അഞ്ച് രാവിലെ ഒമ്പത് മണി മുതല്‍ 12.30 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അറ്റസ്റ്റേഷന് ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് പ്രിന്റഡ് അപേക്ഷയുമായി വരേണ്ടതാണ്. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി 05/09/19 എന്നും ആയിരിക്കണം. വെബ്‌സൈറ്റ് : 202.88.244.146:8084/norka/  അല്ലെങ്കില്‍ norkaroots.org –ല്‍ Certificate Attestation. 
        അന്നേ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍; 04972765310, 04952304885.
പി എന്‍ സി/2927/2019

കൈത്താങ്ങാവാം ക്ഷീരമേഖലയ്ക്കും
    പ്രളയ ദുരിതത്തിലും ഉരുള്‍പ്പൊട്ടലിലും ജില്ലയിലെ ക്ഷീരമേഖലയില്‍ 297 ലക്ഷം രൂപയുടെ നഷ്ടമാണ് ക്ഷീരവികസന വകുപ്പ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. 225 ഏക്കര്‍ പുല്‍കൃഷിത്തോട്ടവും 400 തൊഴുത്തുകളും നഷ്ടപ്പെട്ടതായാണ് കണക്ക്. 4,587 ക്ഷീരകര്‍ഷകരുടെ ജീവനോപാധി പ്രതിസന്ധിയിലാണ്. ദുരിതത്തിലകപ്പെട്ട ക്ഷീരകര്‍ഷകരെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിന് ക്ഷീരവികസന വകുപ്പ് പൊതുജനങ്ങളുടെ സഹായം തേടുന്നു.  ജില്ലയിലെ കാലികള്‍ക്കാവശ്യമായ കാലിത്തീറ്റ, പച്ചപ്പുല്ല്, വൈക്കോല്‍, ടിഎംആര്‍, സൈലേജ്, മിനറല്‍ മിക്ചര്‍ തുടങ്ങിയവ സമാഹരിക്കുക, തൊഴുത്തുകള്‍ പുനസ്ഥാപിച്ചു നല്‍കുക എന്നിവക്കായാണ് പൊതുജനങ്ങളില്‍ നിന്ന് സഹായം തേടുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ക്ഷീര വികസന ഓഫീസിലും ബ്ലോക്ക്തല യൂണിറ്റുകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീര വികസന വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2707859, 9446375055.
പി എന്‍ സി/2928/2019

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
    കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസായതിന് ശേഷം കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള  സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരി പഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥിനി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ആഗസ്ത് 31ന് മുമ്പ് അല്ലെങ്കില്‍ കോഴ്‌സിന് പ്രവേശനം ലഭിച്ച് 60 ദിവസത്തിനകം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍. 0497 2970272
പി എന്‍ സി/2929/2019

വെളിയിട വിസര്‍ജ്ജനമുക്ത പദ്ധതി: അപേക്ഷ ക്ഷണിച്ചു
    കേന്ദ്രസര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായുള്ള വെളിയിട വിസര്‍ജ്ജന മുക്ത പദ്ധതിയില്‍ ശുചിമുറി നിര്‍മ്മിക്കുന്നതിന് മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുണ്ടായിട്ടും ഓഴിവായിപോയവര്‍ക്ക് ശുചിമുറി നല്‍കുന്നതിനായി പ്രത്യേക യജ്ഞം നടത്തുന്നു. ഗ്രാമ പഞ്ചായത്തുകളിലെ ബി പി എല്‍ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. അപേക്ഷകള്‍ ആഗസ്ത് 24 നുള്ളില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ ശുചിമുറി ആവശ്യമുള്ളവരുടെ പട്ടിക ആഗസ്ത് 31 നകം തയ്യാറാക്കണം. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) മാനദണ്ഡങ്ങള്‍ പാലിച്ചാണ് പട്ടിക തയ്യാറാക്കേണ്ടത്.
പി എന്‍ സി/2930/2019

സൗജന്യ ടൈലറിംഗ് പരിശീലനം
    കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ ടൈലറിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍,  എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ് ഇന്‍സ്റ്റിറ്റ്യൂട്ട്, പിഒ കാഞ്ഞിരങ്ങാട്, കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ ഓഗസ്റ്റ് 27 നു മുമ്പായി അപേക്ഷിക്കേണ്ടതാണ്. www.rudset.com ല്‍ ഓണ്‍ ലൈനായും അപേക്ഷിക്കാം. ഓഗസ്റ്റ് 31 ന് അഭിമുഖം നടക്കും. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലന  പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. ബിപില്‍ വിഭാഗത്തില്‍പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍; 0460 2226573, 9646611644, 6238275872, 8547325448, 9496297644.
പി എന്‍ സി/2931/2019

വൈദ്യുതി മുടങ്ങും
    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാലൂര്‍, കുരുമ്പോളി, കരിവെള്ളൂര്‍, കരോത്ത് വയല്‍, എരട്ടാങ്കല്‍, പാലുകാച്ചിപ്പാറ, കെപിആര്‍ നഗര്‍, പനക്കളം, വെണ്ണക്കല്‍ വയല്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് (ആഗസ്ത് 18) രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2932/2019

യൂത്ത് ക്ലബ്ബ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാകുന്നു
    സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തതോ അല്ലാത്തതോ ആയ സന്നദ്ധ സംഘടനകള്‍, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവ വനിത ക്ലബ്ബുകള്‍, യുവകാര്‍ഷിക ക്ലബ്ബുകള്‍,  റസിഡന്റ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂത്ത് വിംഗുകള്‍, യുവ തൊഴില്‍ ക്ലബ്ബുകള്‍, കോളേജുകളിലും സമാന്തര സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന ക്ലബ്ബുകള്‍, അഡ്വഞ്ചര്‍ ക്ലബ്ബുകള്‍, ട്രാന്‍സ്‌ജെന്റര്‍ ക്ലബ്ബുകള്‍ എന്നിവക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ www.ksywb.kerala.gov.in വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ അഫിലിയേഷനുള്ള എല്ലാ യൂത്ത് ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്തണം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച യുവാ ക്ലബ്ബുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അതത് ജില്ലാ യുവജന കേന്ദ്രങ്ങള്‍ വഴിയാണ് നടത്തേണ്ടത്. ഓണ്‍ലൈന്‍ ക്ലബ്ബ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച മാര്‍ഗരേഖകള്‍ക്കും വിശദവിവരങ്ങള്‍ക്കും യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ജില്ലാ യുവജനകേന്ദ്രങ്ങളുമായി ബന്ധപ്പെടുകയോ ചെയ്യണം. ഫോണ്‍; 0471 2733139, 2733777, 2733602.
പി എന്‍ സി/2933/2019

രജിസ്‌ട്രേഷന്‍ തീയതി നീട്ടി
    പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത പുതിയ ബാച്ചിലേക്കുള്ള രജിസ്ട്രഷന്‍ നടത്തുന്നത് പിഴയില്ലാതെ സപ്തംബര്‍ 25 വരെയും 50/- രൂപ പിഴയോടുകൂടി സെപ്തംബര്‍ 30 വരെയും അടക്കാം. പത്താംതരം തുല്യതാ രജിസ്റ്റര്‍ ചെയ്യുന്നതിന് മിനിമം വിദ്യാഭ്യാസ യോഗ്യത ഏഴാംതരവും, ഹയര്‍ സെക്കണ്ടറിക്ക് പത്താംതരവുമാണ്. തുല്യത ഏഴാംതരം, പത്താംതരം പാസായവര്‍ക്കും അപേക്ഷിക്കാം. വിദ്യാകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ സാക്ഷരതാ മിഷന്‍ വിദ്യാകേന്ദ്രങ്ങളിലോ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷനിലോ ലഭിക്കും. ഫോണ്‍: 04972707699.
പി എന്‍ സി/2933/2019
                                                                       
        

date