Skip to main content

പത്ത് മാസത്തെ സമ്പാദ്യം; ദുരിതാശ്വാസ നിധിയിലേക്ക് 1.90 ലക്ഷം നൽകി കുഞ്ഞിക്ക 

കഴിഞ്ഞ് പത്തുമാസമായി സ്വരൂപിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി ഗുരുവായൂർ കടപ്പുറം അഞ്ചങ്ങാടിയിലെ കുഞ്ഞിക്ക എന്ന സി കെ മൊയ്തീൻകുഞ്ഞ് മാതൃകയായി. അഞ്ചങ്ങാടിയിലെ 'ഫരീദ' ഹോട്ടലുടമയാണ് കുഞ്ഞിക്ക. 190000 രൂപയാണ് ഇപ്പോൾ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ഒരു മാസത്തെ വരുമാനം നേരത്തെ 32000 രൂപ നൽകിയിരുന്നു. ഇത്രയും വലിയൊരു തുക നൽകാൻ തക്കവണ്ണം സമ്പന്നൻ ഒന്നുമല്ല നാട്ടുകാർ കുഞ്ഞിക്ക എന്ന് വിളിക്കുന്ന സി കെ മൊയ്തീൻകുഞ്ഞ്. കഴിഞ്ഞ പത്തു മാസം കൊണ്ട് സ്വരൂപിച്ച തുകയാണിത്. ആ കഥയിങ്ങനെ:
2018 ലെ പ്രളയകാലം. വെളളമിറങ്ങി പുനർനിർമ്മാണപ്രവർത്തനത്തിലേക്ക് കടക്കുമ്പോഴാണ് സാലറി ചാലഞ്ച് ആഹ്വാനം ചെയ്തത്. നൽകാൻ സാലറിയില്ലാത്തതു കൊണ്ട് കുഞ്ഞിക്ക ഒരു തീരുമാനമെടുത്തു. അഞ്ചങ്ങാടിയിലെ തന്റെ 'ഫരീദ' ഹോട്ടലിൽ ഒരു കാണിക്ക ബോർഡും സ്ഥാപിച്ചു. ദുരിതാശ്വാധനിധിയിലേക്ക് സംഭാവന നൽകുക എന്ന് എഴുതി വച്ചു. ഹോട്ടലിലെത്തുന്നവർ ഈ കാണിക്കയിൽ നിക്ഷേപിച്ച നാണയത്തുട്ടുകൾ ചേർത്താണ് ഈ 190000 രൂപ അദ്ദേഹം സമാഹരിച്ചത്. ഇതോടൊപ്പം ഓരോ മാസത്തേയും ഒരു ദിവസത്തെ ഹോട്ടലിലെ വരുമാനവും കാണിക്കയിൽ ഇട്ടു. ഉദ്യമത്തിന് നാട്ടുക്കാരും കാണിക്കയുടെ ഒപ്പം നിന്നു. ഒരു വർഷത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമ്പോൾ കുഞ്ഞിക്കക്ക് നിറഞ്ഞ സംതൃപ്തി.

date