Skip to main content

ദുരന്തഭൂമിയില്‍ സാന്ത്വനം പകര്‍ന്ന് മന്ത്രി.സുധാകരന്‍

ദുരന്തത്തിന്റെ ഓര്‍മകളില്‍ പകച്ചുനില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസവും സാന്ത്വനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിലമ്പൂരിലെത്തി. രാവിലെ നിലമ്പൂര്‍ ചൂങ്കത്തറയിലെത്തിയ മന്ത്രി പ്രളയത്തെ തുടര്‍ന്നു പൂര്‍ണ്ണമായി ഒലിച്ചു പോയ കൈപ്പിനി പാലം സന്ദര്‍ശിച്ചു. പിന്നീട് ഭൂദാനം ഗവ എ.എല്‍ പി സ്‌ക്കൂളില്‍  പൊതുദര്‍ശനത്തിന് വച്ച കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞ ജവാന്‍ വിഷ്ണുവിന്റെ മൃതദേഹത്തില്‍ അന്ത്യാഞജലി അര്‍പ്പിച്ചു. തുടര്‍ന്നു കവളപ്പാറയിലെ ദുരന്തഭൂമിയിലെത്തി തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പിന്നീട് അമ്പിട്ടാന്‍പൊട്ടിയിലെ ഒലിച്ചുപോയ പാലം സന്ദര്‍ശിച്ചു. ശേഷം ഭൂദാനം ചര്‍ച്ചിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വികാരങ്ങളില്‍ പങ്കുചേരുകയും കുട്ടികളോടൊപ്പം സമയം ചെലവിടുകയും ചെയ്തു. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തില്‍ നിന്നും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ എല്ലാവരുടെയും സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നു നാമാവശേഷമായ പാതാറിലെത്തി നാട്ടുകാരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് നാടുകാണി ചുരത്തിലെ തകര്‍ന്ന റോഡ് സന്ദര്‍ശിച്ച മന്ത്രി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കു റോഡിന്റെ പുനര്‍ നിര്‍മാണത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ശേഷം ഉരുള്‍പൊട്ടലിനെ തുടര്‍ന്നു മരണപ്പെട്ട സഹോദരങ്ങളായ പാറക്കല്‍ മൈമൂന, സാജിത എന്നിവരുടെ വീടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
നിലമ്പൂര്‍ മേഖലയില്‍ തകര്‍ന്ന പാലങ്ങളുടെയും റോഡുകളുടെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കാന്‍ വേണ്ട നടപടികള്‍ ഉടനടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയാണ് മന്ത്രി ജി.സുധാകരന്‍ നിലമ്പൂരില്‍ നിന്നു മടങ്ങിയത്. പി വി അന്‍വര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, എസ് പി യു അബ്ദുല്‍ കരീം തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

date