Skip to main content

ലക്ഷത്തിലേറെ പേര്‍ ഒരുമിച്ചിറങ്ങി വയനാടിനെ കഴുകി വൃത്തിയാക്കി

പ്രളയജലം കയറിയിറങ്ങി മലിനമാക്കിയ വയനാടിനെ ജില്ലയ്ക്കകത്തും പുറത്തും നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കഴുകിത്തുടച്ച് വൃത്തിയാക്കി. 51932 കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1,13447 പേരാണ് പേരാണ് നാടൊന്നാകെ ഒരേ സമയം നടന്ന ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്.  രാഷ്ട്രീയ-മത സംഘടനകളെ പ്രതിനിധീകരിച്ച് 10841 പേരും സന്നദ്ധ സംഘടനകളില്‍ നിന്ന് 7440 പേരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി 31234 പേരും എന്‍.എസ് എസ് , എന്‍ സി.സി, സ്റ്റുഡന്റ് പൊലീസ് വിഭാഗങ്ങളില്‍ നിന്ന് 12000 പേരും ശുചീകരണത്തിനെത്തി.രാവിലെ ഒന്‍പത് മണിക്ക് കലക്ടറേറ്റ് പരിസരത്തുവെച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. സി.കെ' ശശീന്ദ്രന്‍ എം.എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ,ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, എ.ഡി.എം കെ. അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.പനമരത്ത് ഒ.ആര്‍.കേളു എം എല്‍ എ നേതൃത്വം നല്‍കി.
പഞ്ചായത്തുകളില്‍ വാര്‍ഡുതലം കേന്ദ്രീകരിച്ചാണ് ശുചീകരണം തുടങ്ങിയത്. വീടുകളും പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും കടകളുമെല്ലാം സന്നദ്ധ പ്രവര്‍ത്തകര്‍ കഴുകിത്തുടച്ചു.  ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളും വൃത്തി വരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ശുചീകരണത്തിന് ജനപ്രതിനിധികള്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍, യുവജന സംഘടനകള്‍, എന്‍ എസ് എസ് , സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, വ്യാപാരി വ്യവസായി സംഘടനകള്‍, സര്‍വ്വീസ് സംഘടനകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ കൈമെയ് മറന്ന് രംഗത്തിറങ്ങി. കോളനി പ്രദേശങ്ങളുടെ ശുചീകരണത്തിന് മുന്തിയ പരിഗണനയാണ് നല്‍കിയിരുന്നത്. 
ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കിണറുകളും കുടിവെള്ള സ്‌റോതസ്സുക ശുദ്ധീകരിക്കാന്‍ പ്രത്യേക സംഘങ്ങള്‍ രംഗത്തുണ്ടായിരുന്നു. ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്ക് എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു. ഗംബൂട്ടുകള്‍, കയ്യുറകള്‍, മാസ്‌കുകള്‍ തുടങ്ങിയവയും നല്‍കി. ഭക്ഷണം നല്‍കുന്നതില്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പങ്കാളിയായി.വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച ഇലക്ട്രോണിക് വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങിയവ പഞ്ചായത്ത് എം സി എഫു കളിലാണ് സംഭരിച്ചിട്ടുള്ളത്. ഇവ ഉടനെ തന്നെ മാലിന്യ സംസ്‌കരണ ഏജന്‍സികള്‍ക്ക് കൈമാറും.

വീടുകളിലെ വയറിംഗ് തകരാറുകള്‍ പരിശോധിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ് ഇ ബിയുടെ വിദഗ്ദ്ധ സംഘവും രംഗത്തുണ്ടായിരുന്നു.ശുചീകരണത്തില്‍ പങ്കെടുത്ത വോളണ്ടിയര്‍ മാര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഉടനടി നല്‍കാനുള്ള സംവിധാനവും ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു.
 

date