Skip to main content

മഴക്കെടുതി-ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍-സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനം പ്രശംസനീയം- ജില്ലാകലക്ടര്‍

ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ആരോഗ്യരംഗത്ത് സര്‍ക്കാര്‍- സ്വകര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍്മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം പ്രശംസനീയമാണെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ആരോഗ്യ മേഖലയില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഇനി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കിന്റെ അധ്യക്ഷതയില്‍ ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍-സ്വകാര്യ അസോസിയേഷനുമായി ചേര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കെടുതി ആരംഭിച്ചതു മുതല്‍  ആരോഗ്യമേഖലയില്‍ മുഴുവന്‍ സമയവും  സജ്ജമായി സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ - സ്വകാര്യ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും കലക്ടറും ഡിഎംഒ ഡോ സക്കീനയും യോഗത്തില്‍ പ്രശംസിച്ചു. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിഷ്യന്‍ തുടങ്ങിയ വിവിധ ആരോഗ്യ സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സേവനവും മരുന്നുകളും ആവശ്യത്തിന് വേണ്ട സജ്ജീകരണങ്ങളും തുടര്‍ന്നും നല്‍കണമെന്നും കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തേതു പോലെ എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ എന്നീ പ്രധാന പകര്‍ച്ചവ്യാധികളെ തടയുന്നതിനായുള്ള മുന്‍കരുതലുകളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. വേണ്ട നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. കുടിവെള്ള സ്‌ത്രോസ്സുകള്‍ കാര്യക്ഷമമായി സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യുന്നത് നടപ്പില്‍ വരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. മഴക്കെടുതി മൂലം  ജനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാനസിക സമ്മര്‍ദ്ദ ങ്ങള്‍ അതിജീവിക്കുന്നതിന് ജനങ്ങളോട് സംവദിക്കാനും ആശ്വാസം നല്‍കുന്നതിനും ജില്ലാ മാനസികാരോഗ്യ പദ്ധതിയിലൂടെ വിവിധ ആരോഗ്യ പ്രവര്‍ത്തകരുടെയും കൗണ്‍സിലേഴ്‌സിന്റെയും സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ചര്‍ച്ച ചെയ്യുകയും ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
ജില്ലാ  ആസൂത്രണ ഹാളില്‍ നടന്ന യോഗത്തില്‍ ഡിഎംഒ ഡോ സക്കീന, ഡെപ്യൂട്ടി ഡി എം ഒ ഡോ .ഇസ്മയില്‍,  ഐ എം എ മുന്‍ വൈസ് പ്രസിഡന്റ് ഡോ. വി.സി സീതി, ഐഎംഎ മലപ്പുറം ജില്ലാ ചെയര്‍മാന്‍ ഡോ. നിലാര്‍ മുഹമ്മദ്, പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഡോ. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. വിവിധ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date