Skip to main content

ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണ സല്‍ക്കാരത്തിന്റെ കളി ചിരി

പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ പാര്‍പ്പിക്കാന്‍ മേപ്പാടി സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ ഇന്നലെ കല്യാണ സല്‍ക്കാരത്തിന്റെ കളിയും ചിരിയുമായിരുന്നു. പ്രകൃതിദുരന്തം പ്രഭ കുറയ്ക്കുമെന്ന് സംശയിച്ച റാബിയയുടേയും ഷാഫിയുടേയു വിവാഹ സല്‍ക്കാരം സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതിയും പൗരസമിതിയും ഉദാരമതികളും ചേര്‍ന്ന് ആഘോഷമാക്കി.
പരേതനായ ചാലമ്പാടന്‍ മൊയ്തീന്റേയും ജൂമൈലത്തിന്റേയും മകള്‍ റാബിയയുടേയും  പേരാമ്പ്ര പള്ളിമുക്ക് നടത്തലക്കല്‍ ഷാഫിയുടേയും നിക്കാഹ് നേരത്തെ കഴിഞ്ഞതാണ്. ബന്ധുജനങ്ങളുടെ സല്‍ക്കാരം ഇന്നലത്തേക്ക് നിശ്ചയിച്ച് ഒരുക്കങ്ങള്‍ തുടങ്ങി. ക്ഷണക്കത്തടിച്ചു, പുതു വസ്ത്രങ്ങള്‍ വാങ്ങി കാത്തിരിക്കുമ്പോഴാണ് ദുരന്തം പെരുമഴയായി പെയ്തിറങ്ങിയത്. വീട് വെള്ളം ഇരമ്പിക്കയറി വാസയോഗ്യമല്ലാതായി. കയ്യില്‍ കൊള്ളാവുന്നത് എടുത്ത് ക്യാമ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിവാഹ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഒഴുകിപ്പോയി.ക്യാമ്പില്‍ ദുഖിതരായി കഴിഞ്ഞ ഉമ്മയേയും മകളേയും അദ്ധ്യാപക രക്ഷാകര്‍തൃ സമിതി അംഗളാണ് കൂടെ നിന്ന് ആശ്വസിപ്പിച്ചത്. വിവരങ്ങള്‍ കേട്ടറിഞ്ഞവര്‍ ധൈര്യം പകര്‍ന്നു.

വിവാഹ സല്‍ക്കാരത്തിന് സന്മനസ്സുകള്‍ കൈകോര്‍ത്തു. 5 പവന്‍ ആഭരണവും ഭക്ഷണ സാധനങ്ങളും സംഭാവനയായി ലഭിച്ചു. ക്യാമ്പിലുള്ളവരുടെ കൂട്ടായ്മയില്‍ ദിവസങ്ങള്‍ക്കകം  സ്‌കുള്‍മുറ്റത്ത് കല്യാണപ്പന്തലൊരുങ്ങി. സല്‍ക്കാര ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, കലക്ടര്‍ എ.ആര്‍ അജയകുമാര്‍, സബ് കലക്ടര്‍ എന്‍ എസ് കെ. ഉമേഷ്  തുടങ്ങിയവര്‍ പങ്കെടുത്തു. സ്വന്തം വീട്ടില്‍ നിന്നല്ലെങ്കിലും, നൂറുകണക്കിന്  സുമനസ്സുകളുടെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് റാബിയ ഇന്നലെ അതീവ സന്തോഷത്തോടെ  ഭര്‍തൃഗൃഹത്തിലേക്ക് പടിയിറങ്ങിയത്.

date