Skip to main content

ഹജ്ജ് ഷെഡ്യൂളുകള്‍ക്ക് തുടക്കമായി- ഹാജിമാരുടെ ആദ്യസംഘം കരിപ്പൂരിലെത്തി

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിന് പോയവരുടെ സംഘങ്ങള്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തി തുടങ്ങി. ആദ്യ ദിനമായ ഇന്നലെ നാലു വിമാനങ്ങളിലായി 1200 ഹാജിമാരാണ് മടങ്ങി എത്തിയത്. ആദ്യവിമാനം രാവിലെ 7.30ന് കരിപ്പൂരിലെത്തി. ആദ്യ സംഘത്തെ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, എം.എല്‍.എമാരായ ടി.വി ഇബ്രാഹീം, കാരാട്ട് റസാഖ്, ഹജ്ജ് കമ്മറ്റി അംഗങ്ങളായ പി.അബ്ദുറഹിമാന്‍ എന്ന ഇണ്ണി, കാസിംകോയ പൊന്നാനി, മുസ്ലിയാര്‍ സജീര്‍, അനസ് ഹാജി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാവിലെ 11നും, ഉച്ചക്ക് 1.30, 1.50 സമയങ്ങളിലായി മറ്റു വിമാനങ്ങളും കരിപ്പൂരിലെത്തി. ഓരോ വിമാനത്തിലും 300 ഹാജിമാര്‍ വീതമാണുണ്ടായിരുന്നത്.
   കരിപ്പൂരില്‍ വിമാനമിറങ്ങുന്ന ഹാജിമാരെ ഹജ്ജ് ടെര്‍മിനലില്‍ എത്തിച്ച് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് പുറത്തിറക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്ന ഓരോ ഹാജിമാര്‍ക്കും അഞ്ച് ലിറ്ററിന്റെ സംസം പുണ്യ തീര്‍ത്ഥ ജലം നല്‍കുന്നുമുണ്ട്. ഇവ നേരത്തെ തന്നെ വിമാന കമ്പനികള്‍ വിമാനത്താവളങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
  പ്രളയക്കെടുതിയില്‍ ദുരിതത്തിലായ നാടിന് സഹായം കൈമാറിയാണ് ഹാജിമാര്‍ മടങ്ങുന്നത്. ഇന്നലെ നാലു വിമാനങ്ങളില്‍ നിന്നായി 1,41,806 രൂപയാണ് ഒറ്റദിവസം കൊണ്ട് സ്വരൂപീച്ചത്. കരിപ്പൂരില്‍ നിന്ന് 19, 20, 21, 22, 23, 25, 27, 29, 30, സെപ്തംബര്‍ 2, 3 തിയ്യതികളില്‍ ദിവസേനവ രണ്ട് വിമാനങ്ങള്‍ വീതവും 24, 26, 28 തിയ്യതികളില്‍ മൂന്ന് വിമാനവും 31, സെപ്തംബര്‍ 1 തിയ്യതികളില്‍ ഓരോ വിമാനവുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് ഹാജിമാരുടെ അവസാന സംഘം എത്തുക.
  കേരളത്തില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖേനെ ഈവര്‍ഷം  13829 പേരാണ് ഹജ്ജിന് പോയത്. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് സഉദി എയര്‍ലെന്‍സ് 37 സര്‍വ്വീസുകളും നെടുമ്പാശേരിയിലേക്ക് എയര്‍ഇന്ത്യ എട്ട് സര്‍വീസുകളുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

 

date