Skip to main content

എലിപ്പനി മരണം: ഡോക്‌സി സൈക്ലിന്‍ നിര്‍ബന്ധമെന്ന് ആരോഗ്യവകുപ്പ്

പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിലെ 23കാരന്റെ മരണം എലിപ്പനി മൂലമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് യുവാവ് മരിച്ചത്. മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന മുഴുവന്‍ ആളുകളും എലിപ്പനിക്കെതിരായ  ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ നിര്‍ബന്ധമായി കഴിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രളയകാല പകര്‍ച്ചവ്യാധികളില്‍ എറെ അപകടകാരിയായ എലിപ്പനി തടയാനാവശ്യമായ ഡോക്‌സിസൈക്ലിന്‍ ആഴ്ചയിലൊരിക്കല്‍ പരമാവധി ആറ് ആഴ്ചവരെയാണ് കഴിക്കേണ്ടത്. 
      എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ഒരു ബാക്ടീരിയ, മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. രോഗാണു അകത്തു കടന്നാല്‍ ഏകദേശം 5 മുതല്‍ 15 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങളുണ്ടാകും. കടുത്ത പനി, തലവേദന, മസിലുകളുടെ വേദന, വിറയല്‍, കടുത്ത ക്ഷീണം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ച് വേദന, ശ്വാസം മുട്ടല്‍, വ്യക്കകളെ ബാധിച്ചാല്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തത്തിന്റെ നിറം വരിക, കാലിലും മുഖത്തും നീരുണ്ടാകുക, കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപിത്തം പോലെയുള്ള ലക്ഷണങ്ങളും കാണാം. സമയത്ത് കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തില്ലെങ്കില്‍ ഹ്യദയം, കരള്‍, വ്യക്കകള്‍ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. മരണം വരെ സംഭവിക്കാം. എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുന്നവര്‍  വെറും വയറ്റില്‍ ഗുളിക കഴിക്കാതെ ഭക്ഷണശേഷം മാത്രം കഴിയ്ക്കണം. ഗുളിക കഴിച്ച് കഴിഞ്ഞ് ചുരുങ്ങിയത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. ചിലര്‍ക്ക് ഉണ്ടായേക്കാവുന്ന വയര്‍ എരിച്ചില്‍ ഒഴിവാക്കാനാണിത്. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ സ്വീകരിച്ചുവേണം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍. പ്രതിരോധ മരുന്ന് കഴിക്കാന്‍ ആവശ്യപ്പെടുന്ന അവസരത്തില്‍ നിര്‍ദേശിക്കുന്ന അളവിലും രീതിയിലും കഴിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യ വകുപ്പ് ഓര്‍മിപ്പിക്കുന്നു. കളക്ടറേറ്റിലെ ഡോക്‌സി സെന്ററിനു പുറമേ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലും എലിപ്പനി പ്രതിരോധ മരുന്നുകള്‍ ലഭിക്കും. വയനാട് കളക്ടറേറ്റിലും ഡോക്‌സി കോര്‍ണറുണ്ട്.

date