Skip to main content

മഴക്കെടുതിയില്‍ ജില്ലയിലെ ക്ഷീരമേഖലയില്‍ 73 ലക്ഷത്തിന്റെ നാശനഷ്ടം : 2221 കര്‍ഷകരെ പ്രകൃതിക്ഷോഭം നേരിട്ട് ബാധിച്ചു

ശക്തമായ മഴയെയും കാറ്റിനെയും തുടര്‍ന്ന് ജില്ലയിലുണ്ടായ പ്രളയത്തില്‍ ക്ഷീരമേഖലയില്‍ മാത്രം 7306425 രൂപയുടെ നാശനഷ്ടം. പശുക്കളും കിടാരികളും വെള്ളക്കെട്ടില്‍പ്പെട്ട് ചത്തടിഞ്ഞും തൊഴുത്ത് ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ തകര്‍ന്നുമാണ് നാശനഷ്ടമുണ്ടായത്. ക്ഷീരകര്‍ഷകര്‍ സംഭരിച്ചുവെച്ച കിലോകണക്കിന് കാലിത്തീറ്റയും വൈക്കോലും നശിച്ചു. പാല്‍ ഉല്‍പ്പാദനത്തില്‍ മാത്രം 2757200 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കന്നുകാലികള്‍ക്ക് സൗജന്യമായ കാലിത്തീറ്റ നല്‍കിയ ഇനത്തില്‍ 456000 രൂപയാണ് ചെലവ് വന്നിട്ടുള്ളത്.

ജില്ലയില്‍ 2221 ക്ഷീരകര്‍ഷകരെയും 2280 കന്നുകാലികളെയും മഴക്കെടുതി നേരിട്ട് ബാധിച്ചിട്ടുണ്ട്. പശുക്കളും കിടാരികളും അടക്കം 99 എണ്ണമാണ് ചത്തൊടുങ്ങിയത്. നിലമ്പൂര്‍, കാളിക്കാവ്, കൊണ്ടോട്ടി, വണ്ടൂര്‍, പരപ്പനങ്ങാടി എന്നീ മേഖലകളിലാണ് മഴക്കെടുതി സാരമായി ബാധിച്ചത്. ശക്തമായ പേമാരിയെയും കാറ്റിനെയും തുടര്‍ന്ന് നിലമ്പൂര്‍ മുതീരി, മുപ്പിനി, ചളിക്കപ്പൊട്ടി, പോത്തുകല്ല്, മുണ്ടേരി തുടങ്ങിയ മേഖലകളിലെ ക്ഷീരസംഘങ്ങളിലേക്ക് മഴവെള്ളം കയറി കാലിത്തീറ്റയും മറ്റ് സാധനസാമഗ്രികളും വ്യാപകമായി നശിച്ചു. ഈ മേഖലയിലെ ക്ഷീരസംഘങ്ങള്‍ക്ക് കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. ഇതും സാമ്പത്തിക നഷ്ടത്തിനിടയാക്കി. നിലമ്പൂര്‍ ബ്ലോക്കില്‍ മാത്രം 500 ഓളം ക്ഷീരകര്‍ഷകരെയാണ് മഴക്കെടുതി നേരിട്ട് ബാധിച്ചത്. പ്രദേശത്ത പുല്‍കൃഷി പൂര്‍ണമായി നശിച്ചതിന് പുറമെ 75 ഓളം തൊഴുത്തുകള്‍ പൂര്‍ണമായും 200 എണ്ണം ഭാഗികമായും തകര്‍ന്നു. അരീക്കോട് മേഖലയിലെ ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, അരീക്കോട്, കാവന്നൂര്‍ എന്നിവിടങ്ങളിലും മഞ്ചേരി നഗരസഭാ പരിധിയിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവിടങ്ങളില്‍ രണ്ട് ദിവസത്തിലധികമായി പാല്‍സംഭരണം നിര്‍ത്തിവെയ്ക്കേണ്ട അവസ്ഥയുമുണ്ടായിരുന്നു. വണ്ടൂര്‍ ബ്ലോക്ക് പരിധിയില്‍ ആറ് പശുക്കളും മൂന്ന് കിടാരികളുമാണ് ചത്തത്. പുല്‍കൃഷിയും നശിച്ചു. വണ്ടൂര്‍ ഓടായിക്കല്‍ ക്ഷീരസഹകരണ സംഘം കെട്ടിടം പൂര്‍ണ്ണമായും വെള്ളത്തിനടി യിലായിരുന്നു. കാളികാവ് ബ്ലോക്കില്‍ 250 ക്ഷീകര്‍ഷകരെ മഴക്കെടുതി ബാധിച്ചതോടെ ഏഴ് പശുക്കള്‍ക്കും രണ്ട് പശുക്കുട്ടികള്‍ക്കും അഞ്ച് കിടാരികള്‍ക്കും ജീവഹാനിയുണ്ടായി. വെള്ളപ്പൊക്കം കാരണം ഈ മേഖലയിലും പാല്‍സംഭരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ജില്ലയിലെ മറ്റ് മേഖലകളില്‍ മഴക്കെടുതി ബാധിച്ചിട്ടുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നാശനഷ്ടം സംഭവിച്ച കണക്കുകളില്‍ നേരിയ മാറ്റമുണ്ടാകുമെന്നും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. മഴക്കെടുതി കാരണം ക്ഷീര കര്‍ഷകര്‍ ദുരിതമനുഭവിക്കുന്ന മേഖലകളില്‍ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് കര്‍ഷകര്‍ക്കും ക്ഷീരസഹകരണ സംഘങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കിയതായും സൗജന്യമായി കാലിത്തീറ്റ നല്‍കിയതായും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

date