Skip to main content

പ്രളയശേഷം തിരിച്ചെത്തിയവര്‍ക്ക് ആശ്വാസമേകി പൊലീസുകാരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും

 

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകേണ്ടി വന്ന കുടുംബങ്ങള്‍  വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആശ്രയമായത് പൊലീസ് ഉദ്യോഗസ്ഥരും ട്രോമാകെയര്‍ പ്രവര്‍ത്തകരും. പരപ്പനങ്ങാടി ഉള്ളണം നോര്‍ത്തിലെ കോട്ടത്തറ സ്വദേശി തട്ടാരക്കണ്ടി  പ്രമീള ഉള്‍പ്പെടെയുള്ളവര്‍ക്കാണ്  പൊലീസ് ഉദ്യോഗസ്ഥരും ട്രോമാകെയര്‍ പ്രവര്‍ത്തകരും സഹായമേകിയത്. പ്രമീള രോഗിയായ ഭര്‍ത്താവുമായി ഉള്ളണം എ.എം.യു.പി.സ്‌കൂളിലെ  ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ക്ക് ചെളി കാരണം വീട്ടിനുള്ളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കെ.കെ. വിനോദിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ നായര്‍, എ.എസ്.ഐ മാരായ രാധാകൃഷ്ണന്‍, സുരേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈജഷ്, ധീരജ്, സുരേഷ്, ആല്‍ബിന്‍ തുടങ്ങിയവരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് വീട് ഉപയോഗയോഗ്യമാക്കിയത്. വീട്ടില്‍ സഹായത്തിന് മറ്റാരുമില്ലാത്തതിനാല്‍ വീട്ടിനുള്ളിലെ സാധനങ്ങളൊന്നും സുരക്ഷിതമായി മാറ്റിവെക്കാന്‍ കഴിയാത്തതിനാല്‍ എല്ലാം വെള്ളം കയറി നശിച്ചിരിക്കുകയാണെന്നും പൊലീസുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് വീട് വൃത്തിയാക്കിയത് ഏറെ ആശ്വാസമായെന്നും  പ്രമീള പറഞ്ഞു. പ്രമീളയുടെ ഭര്‍ത്താവ് സുകുമാരന്‍ രോഗബാധിതനായി ചികിത്സയിലാണ്.

(ഫോട്ടോ. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കെ.കെ വിനോദിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും ശുചീകരണ പ്രവൃത്തിക്കെത്തിയപ്പോള്‍)

 

date