Skip to main content

ഏറനാട് മണ്ഡലത്തിലെ പ്രളയ പുനരധിവാസ നടപടികള്‍ അവലോകനം ചെയ്തു.

 

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി കിടക്കാതെ സമയബന്ധിതമായി നടപ്പാക്കാന്‍ പികെ ബഷീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ജില്ലാ തല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ തീരുമാനം. പ്രളയസാഹചര്യം കണക്കിലെടുത്ത് ഔദ്യോഗിക നടപടികളില്‍ മാനുഷികപരമായ സമീപനമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍ദേശിച്ചു.
മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന ഏറനാട് മണ്ഡലത്തിലെ പാലങ്ങളുടെയും റോഡുകളുടെയും നവീകരണത്തിനും അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതിനും അടിയന്തര നടപടിയ്ക്കാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ സാധ്യമായ തരത്തില്‍ കാര്യങ്ങള്‍ വേഗത്തില്‍ നിര്‍വ്വഹിക്കണമെന്ന് എംഎല്‍എയും കലക്ടറും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അരീക്കോട് പാലം നവീകരണത്തിനും വെറ്റിലപ്പാറ വില്ലേജിലെ ഓടക്കയം മേഖലയില്‍ അപകടാവസ്ഥയില്‍ താമസിക്കുന്ന ആദിവാസികളെ മാറ്റിപാര്‍പ്പിക്കുന്ന കാര്യത്തിലും റവന്യൂ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും പൊതുജനങ്ങളുടെയും സംയുക്ത യോഗത്തില്‍ തീരുമാനമെടുക്കാനും പ്രളയത്തില്‍ വീടും സ്ഥലവും നശിച്ചവര്‍ക്ക് എത്രയും വേഗം സ്ഥലം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ക്കും ധാരണയായി. മണ്ഡലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച എയ്ഡഡ് ഉള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ സൗകര്യങ്ങളോടു കൂടിയ മൂത്രപ്പുരകള്‍ സജ്ജീകരിക്കാനാവശ്യമായ തുക അനുവദിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെയും കലുങ്കുകളുടെയും തൊഴുത്തുകളുടെയും പുനര്‍നിര്‍മാണ പ്രവൃത്തിയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തി 50 അധിക തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനൊപ്പം പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും യോഗത്തില്‍ നിര്‍ദേശമുണ്ടായി. വെള്ളപ്പൊക്കത്തില്‍ നശിച്ച ആധാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ലഭ്യമാക്കാന്‍ എത്രയും വേഗം അദാലത്ത് നടത്താന്‍ തീരുമാനിച്ചു. മാലിന്യം അടിഞ്ഞുകൂടിയതു കാരണമുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്ല പിന്തുണ നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന അഭ്യര്‍ത്ഥിച്ചു.
രോഗപ്രതിരോധത്തിനായി പഞ്ചായത്ത് തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുന്നതാണ് ഉചിതമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. ചേലോമല കോളനിയിലെ എട്ട് കുടുംബങ്ങള്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിനായുള്ള തുക വരും ദിവസങ്ങളില്‍ തന്നെ അനുവദിക്കാന്‍ കലക്ടര്‍ അടിയന്തര നിര്‍ദേശം നല്‍കി. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തികം ലഭ്യമാക്കുന്നതിനായുള്ള നടപടികള്‍ ലളിതവത്ക്കരിക്കുന്നതിനും മറ്റുമായി ജില്ലാ തല ബാങ്കേഴ്സ് സമിതി യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായി.
പ്ലാനിംഗ് സമുച്ചയത്തില്‍ നടന്ന യോഗത്തില്‍ പികെ ബഷീര്‍ എംഎല്‍എയ്ക്ക് പുറമെ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡെപ്യൂട്ടി കലക്ടര്‍ ജെ അരുണ്‍, ഡപ്യുട്ടി കലക്ടര്‍ പി.എ.സമ്മദ്, പ്രളയക്കെടുതികളുണ്ടായ ഏറനാട് മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date