Skip to main content

ക്ഷീരകര്‍ഷകര്‍ക്ക് 10 ടണ്‍ കാലിത്തീറ്റ  സൗജന്യമായി വിതരണം ചെയ്തു

പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്യുന്നതിന്‍റെ ജില്ലാതല ഉദ്ഘാടനം വില്ലൂന്നി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയ്ക്കുള്ള പ്രത്യേക പാക്കേജ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് പത്തു ടണ്‍ കാലിത്തീറ്റ ആദ്യ ഘട്ടമായി ലഭ്യമാക്കി. 

ചങ്ങനാശേരി താലൂക്കിലെ തുരുത്തി, പായിപ്പാട് പഞ്ചായത്തുകളിലും കോട്ടയം താലൂക്കില്‍ വില്ലൂന്നി, ആര്‍പ്പൂക്കര പഞ്ചായത്തുകളിലും വൈക്കം താലൂക്കില്‍ തലയോലപ്പറമ്പിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലുമായി അഞ്ഞൂറോളം കര്‍ഷകര്‍ക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. 

  തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ കന്നുകാലികള്‍ക്കായി ധാതുലവണ മിശ്രിതങ്ങളും എത്തിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ദീപ ജോസഫ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. മോഹന്‍, അംഗങ്ങളായ ബീന രാജശേഖരന്‍, ശോഭ വേലായുധന്‍, പ്രവീണ്‍, ജയിംസ് തിട്ടമലയില്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. കെ.എം ദിലീപ്, വെറ്റിനറി സര്‍ജന്‍ ഡോ. അഭിജിത്ത് തമ്പാന്‍ എന്നിവര്‍ പങ്കെടുത്തു.

date