Skip to main content

സ്‌കില്ലിംഗ് കമ്മിറ്റി: സംസ്ഥാനത്തെ ആദ്യയോഗം ഇടുക്കിയില്‍

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പരിശീലന പരിപാടികളുടെ ജില്ലാതല ഏകോപനത്തിനുള്ള സ്‌കില്ലിംഗ് കമ്മിറ്റിയുടെ സംസ്ഥാനത്തെ ആദ്യയോഗം ഇടുക്കിയില്‍ ചേര്‍ന്നു. ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. ജില്ലാതലത്തില്‍ ജില്ലാകളക്ടര്‍ ചെയര്‍മാനും കട്ടപ്പന ഐ.റ്റി.ഐ പ്രിന്‍സിപ്പാള്‍ കണ്‍വീനറുമായി ജില്ലാതല സ്‌കില്ലിംഗ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ. ഷീല മുഖ്യപ്രഭാഷണം നടത്തി. ഐ.റ്റി.ഐ കട്ടപ്പന, അസാപ് ഇടുക്കി, ഡയറ്റ്‌തൊടുപുഴ, ഗവ.ഐ.റ്റി.ഐ നാടുകാണി, നെഹ്‌റുയുവകേന്ദ്ര ഇടുക്കി, ജില്ലാ വ്യവസായകേന്ദ്രം, ഗവ.പോളിടെക്‌നിക് മുട്ടം, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് കട്ടപ്പന, ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് അസോസിയേഷന്‍ ഇടുക്കി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികളായ അംഗങ്ങള്‍ അവരവര്‍ നടപ്പിലാക്കിവരുന്ന പരിശീലന പരിപാടിയുടെ അവതരണം നടത്തി.  
പിന്നോക്ക മേഖലയായ ഇടുക്കിയിലെ യുവജനങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയുടെ  ലക്ഷ്യമെന്നും അതിനായി ജില്ലയ്ക്ക അനുയോജ്യമായ തൊഴില്‍ മേഖലകളെ കണ്ടെത്തി ഏകോപിപ്പിക്കാന്‍ ജില്ലാതല സ്‌കില്ലിംഗ് കമ്മിറ്റിക്ക് കഴിയുമെന്നും ജില്ലാകളക്ടര്‍ അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരിലധികവും മറ്റു ജില്ലകളില്‍ നിന്നും എത്തിയവരായതിനാല്‍ ചുരുങ്ങിയ കാലയളവില്‍ മാത്രമേ അവരുടെ സേവനം ജില്ലയ്ക്ക് ലഭ്യമാകുന്നുള്ളൂ. ഇതു പരിഹരിക്കണമെങ്കില്‍ ജില്ലയില്‍ നിന്നുതന്നെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭ്യമാകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത്  അനിവാര്യമാണ്. അതിനായി പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ള കുട്ടികളെ മുന്‍നിരയില്‍ എത്തിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ജില്ലാതലത്തില്‍ നടത്തണം. അതിനു വേണ്ടിയുള്ള പരിശീലന പരിപാടികള്‍ക്ക് രൂപം കൊടുക്കുന്നതിനും, ജോലിക്ക് അനുയോജ്യമായിട്ടുള്ള നൈപുണ്യ വികസന പരിപാടികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും കമ്മിറ്റി മുന്‍കൈ എടുക്കുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ഡോ.സബുവര്‍ഗ്ഗീസ് ഉപസംഹാര പ്രസംഗം നടത്തി. റിസേര്‍ച്ച് ഓഫീസറായ ടോം ജോസ് യോഗത്തിന് കൃതജ്ഞത അര്‍പ്പിച്ചു.  
 

date