Skip to main content

അരി മുതല്‍ ഉമിക്കരി വരെ;  168 ഇനം സാധനങ്ങളുമായി കൂടെയുണ്ട് കോട്ടയം

പ്രകൃതിക്ഷോഭ ദുരിത ബാധിതരെ സഹായിക്കുന്നതിനുള്ള കൂടെയുണ്ട് കോട്ടയം  പരിപാടിയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് പിന്തുണയുമായെത്തിയവര്‍ എത്തിച്ചത് 168 ഇനം സാധനങ്ങള്‍. അരിയും പലവ്യഞ്ജനങ്ങളും മുതല്‍ ഉമിക്കരിവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

കോട്ടയം ബസേലിയേസ് കോളേജിലെ സംഭരണ കേന്ദ്രത്തില്‍ 6188 കിലോഗ്രാം അരിയാണ് ഇന്നു(ഓഗസ്റ്റ് 17) വരെ ലഭിച്ചത്. 1660 പായകളും 3216 ബെഡ്ഷീറ്റുകളും കുട്ടികളുടെ 3044 ഉടുപ്പുകളും 18429 സാനിറ്ററി നാപ്കിനുകളും കിട്ടിയിട്ടുണ്ട്. 
ബിസ്ക്കറ്റ് പാക്കറ്റ്-9298, ബ്ലീച്ചിംഗ് പൗഡര്‍-2564.25 കിലോ, മെഴുകുതിരി പാക്കറ്റ്-1217, കുട്ടികളുടെ നാപ്കിന്‍-1705 പാക്കറ്റ്, ലുങ്കി-1753, തോര്‍ത്ത്-3670,  സോപ്പ്- 6983, അവശ്യ ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ്-500 എന്നിങ്ങനെ പോകുന്നു പട്ടിക.  2201 ടൂത്ത് പേസ്റ്റ് ട്യൂബുകള്‍ക്കും 3650 ടൂത്ത് ബ്രഷുകള്‍ക്കുമൊപ്പം 30 പാക്കറ്റ് ഉമിക്കരിയും കോട്ടയംകാരുടെ കരുതലിന്‍റെ തെളിവായി പട്ടികയിലുണ്ട്. 

ഇന്‍സ്ട്രൂമെന്‍റ് ബോക്സുകള്‍, പേന, പെന്‍സില്‍, കളര്‍ പെന്‍സിലുകള്‍ എന്നിവയ്ക്കു പുറമെ കുട്ടികള്‍ക്കായി 49920 ചോക്കലേറ്റുകളും 24039 പാക്കറ്റ് ന്യൂഡില്‍സും സമാഹരിച്ചിട്ടുണ്ട്. ലഭിക്കുന്ന സാധനങ്ങളുടെ വിശദാംശങ്ങള്‍ സംഭരണ കേന്ദ്രത്തില്‍തന്നെ തത്സമയം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നുണ്ട്. കഴിവിനൊത്ത്‌
 ചെറു സംഭാവനകൾ എത്തിക്കുന്ന സാധാരണക്കാര്‍ ഏറെയുണ്ടെന്ന് കേന്ദ്രത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു.

കൂടെയുണ്ട് കോട്ടയത്തിന്‍റെ ഭാഗമായി ഇതുവരെ നാലു ലോഡ് ദുരിതാശ്വാസ സാമഗ്രികള്‍ മറ്റു ജില്ലകളിലേക്ക് അയച്ചു. ഒരു ലോഡ് മലപ്പുറം ജില്ലയിലും മൂന്നു ലോഡ് വയനാട് ജില്ലയിലേക്കുമാണ് പോയത്. ഇന്ന് വൈകുന്നേരം പുറപ്പെട്ട വാഹനങ്ങള്‍ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, എ.ഡി.എം അലക്സ് ജോസഫ്, ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

date