Skip to main content

പ്രളയ മേഖലകളിലെ പശുക്കള്‍ക്ക്  തീറ്റ ഉറപ്പാക്കി ക്ഷീര വികസന വകുപ്പ്

പ്രളയമേഖലയിലെ പശുക്കള്‍ക്കും കിടാരികള്‍ക്കും തീറ്റ ഉറപ്പു വരുത്തുന്നതിന് ക്ഷീര വികസന വകുപ്പിന്റെ നടപടികള്‍ ഊര്‍ജിതം. വീടുകളോടൊപ്പം കാലിത്തൊഴുത്തുകളും   പ്രളയജലത്തില്‍ മുങ്ങിയതിനെതുടര്‍ന്ന് പശുക്കള്‍ക്കായി  പ്രത്യേക ക്യാമ്പുകള്‍ ക്രമീകരിച്ചിരുന്നു.

വൈക്കം താലൂക്കില്‍ മാത്രം ഇത്തരം  20 സ്ഥലങ്ങളിലാണ് പശുക്കളെ പാര്‍പ്പിച്ചിരുന്നത്. കര്‍ഷകര്‍ സൂക്ഷിച്ചിരുന്ന വൈക്കോല്‍ വെള്ളത്തില്‍ നനഞ്ഞ് കിടക്കുന്ന അവസ്ഥയാണ് പല വീടുകളിലും.  24500 കിലോ കാലിത്തീറ്റയാണ്  ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്.   കൂടാതെ  തമിഴ്‌നാട്ടില്‍ നിന്ന്  29440 കിലോ വൈക്കോലും അടിയന്തരമായി എത്തിച്ച് വിതരണം ചെയ്തിട്ടുണ്ട്. വകുപ്പിന്റെ സഹായത്തോടെ പുല്‍കൃഷി നടത്തുന്ന കര്‍ഷകരില്‍ നിന്നും സമാഹരിച്ച പച്ചപ്പുല്ലും  പൊള്ളാച്ചില്‍ നിന്ന് എത്തിച്ച മക്കച്ചോളവും  വിതരണം നടത്തിയിരുന്നു.

പ്രളയം രൂക്ഷമായ വൈക്കം, കടുത്തുരുത്തി, പള്ളം, ഏറ്റുമാനൂര്‍, ചങ്ങനാശേരി ബ്ലോക്കുകളിലാണ്  തീറ്റ എത്തിച്ചു നല്‍കിയത്. ക്ഷീര വികസന ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച്  കര്‍ഷകരില്‍ വിവരം ശേഖരിച്ച ശേഷമാണ് തീറ്റ വിതരണം നടത്തുന്നത്. പ്രളയം  പ്രതിസന്ധിയിലാക്കിയ 582 ക്ഷീര കര്‍ഷകരുടെ വീടുകളില്‍ ക്ഷീര വികസന  ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി  നാശനഷ്ടക്കണക്ക് എടുത്തതായി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ. അനികുമാരി അറിയിച്ചു.

date