Skip to main content

പ്രളയബാധിതർക്ക് സഹായവുമായി പ്രവാസിയായ  വർഗ്ഗീസും കുടുംബവും

ബഹ്‌റൈൻ പ്രവാസി ഡ്രൈവർ സി വി വർഗ്ഗീസിന്റെ കുടുംബത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപയുടെ ധനസഹായം. 36 വർഷമായി ബഹ്‌റൈനിൽ ഡ്രൈവറായി ജോലി നോക്കുന്ന വർഗ്ഗീസിന്റെ കുടുംബാംഗങ്ങൾ ജില്ലാ കളക്ടറുടെ ചേമ്പറിൽ എത്തിയാണ് ജില്ലാ കളക്ടർ എസ് ഷാനവാസിന് തുക കൈമാറിയത്. ഭാര്യ ആനി 25000 രൂപയും മകളായ ഡൈജിയും പേരക്കുട്ടി മിഷേലും ചേർന്ന് 25000 രൂപയുടെ ചെക്കുമാണ് ജില്ലാ കളക്ടർക്ക് നൽകിയത്. കഴിഞ്ഞ പ്രളയകാലത്തും 25000 രൂപയുടെ ധനസഹായം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു ഈ മനുഷ്യസ്‌നേഹി. ചാവക്കാട് താലൂക്കിലെ ഗുരുവായൂർ കാവീട് സ്വദേശിയാണ് ഇദ്ദേഹം. ചെറിയ ശമ്പളത്തിൽ നിന്നും മാറ്റിവെച്ച തുകയാണ് ഇദ്ദേഹം പ്രളയതാതന അനുഭവിക്കുന്നവരെ സഹായിക്കാനായി നൽകിയത്. വീടും കൃഷിയും മറ്റു വസ്തുവകകളും നഷ്ടപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.

date