Skip to main content

മാലിന്യമുക്ത പരിസരമൊരുക്കാൻ ക്ലീൻ പെരിഞ്ഞനം;  വീടുകൾക്ക് ഇനി മുതൽ ഗ്രീൻ-ക്ലീൻ കാർഡുകൾ

ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്ക് മാലിന്യമുക്തപരിസരമൊരുക്കാൻ പെരിഞ്ഞനം പഞ്ചായത്തിൽ ക്ലീൻ പെരിഞ്ഞനം പദ്ധതി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകൾക്കും ഗ്രീൻ-ക്ലീൻ കാർഡുകൾ നൽകും. എല്ലാ വീടുകൾക്കും മാലിന്യപദ്ധതിയിൽ അംഗത്വത്തിനായാണ് ഗ്രീൻ കാർഡ് നൽകുക. നികുതി അടയ്ക്കുന്നതോടൊപ്പം ഗ്രീൻ കാർഡ് നിർബന്ധമാക്കും. കാർഡ് എടുക്കുന്ന മുഴുവൻ ആളുകൾക്കും പഞ്ചായത്ത് സംബന്ധമായ സേവനങ്ങൾക്കും മുൻഗണന നൽകുകയും ചെയ്യും. ഓരോ വീടുകളിലെയും മാലിന്യത്തിന്റെ പ്രോഗ്രസ് കാർഡാവും ക്ലീൻ കാർഡ്. മാലിന്യസംസ്‌കരണം, വൃത്തി, കൊതുക് നശീകരണം, പച്ചക്കറി വളർത്തൽ എന്നിവയെ അടിസ്ഥാനമാക്കി പഞ്ചായത്ത് പുരസ്‌കാരവും നൽകും. 
2020 ജനുവരി ഒന്നിന് 'സമ്പൂർണ മലിന്യമുക്തമായ പഞ്ചായത്ത്' എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നേറുന്നത്. ഇതിനായി വിപുലമായ പരിപാടികളാണ് നടപ്പിലാക്കുന്നു. മാലിന്യമുക്തമാകാൻ ആദ്യമായി പഞ്ചായത്തിലെ 6000 വീടുകളിൽ നിന്നും 1650 കടകളിൽ നിന്നുള്ള മാലിന്യങ്ങളുടെ കണക്കെടുപ്പ് നടത്തി ഏകദേശ അളവ് കണക്കാക്കി. പതിനാലാം വാർഡിൽ 43 സെന്റ് സ്ഥലം മാലിന്യ സംസ്‌കരണ പ്ലാന്റിനായി മാറ്റി വെച്ചു. പ്ലാസ്റ്റിക് സംസ്‌കരണത്തിനായി 15 കെ.വി ശേഷിയുള്ള ഷ്രഡ്ഡിംഗ് മെഷീൻ, പ്ലാസ്റ്റിക് വൃത്തിയാക്കാൻ ക്‌ളീനിംഗ് മെഷീൻ ഡയർ, പ്ലാസ്റ്റിക് കെട്ടുകളാക്കി ശേഖരിക്കാൻ ബെയിലിങ്ങ് മെഷീൻ, നാപ്കിൻ ഡിസ്‌ട്രോയർ, ബാഗുകളും ചെരിപ്പുകളും ഇല്ലാതാക്കുന്ന ചിതലിടങ്ങൾ, എല്ലാ മാസവും ഒന്നിന് വീടുകളിൽ നിന്നും എല്ലാ മാസവും 16ന് മൂന്നുപീടിക-പെരിഞ്ഞനം ദേശീയപാതയോരത്തെ കടകളിൽ നിന്നും തുടർച്ചയായ പ്ലാസ്റ്റിക് ശേഖരണം, മാലിന്യശേഖരണത്തിനായി സ്വന്തമായി വാഹനം, എല്ലാ വീടുകൾക്കും രണ്ട് തുണിസഞ്ചി, മലിനജലം ഒഴുക്കി വിടുന്ന സോക്പിറ്റു സൗജന്യമായി നിർമ്മിച്ചു നൽകൽ എന്നിവ ഇതിന്റെ ഭാഗമാണ്. എല്ലാ സ്‌കൂളുകളിലും ഓഡിറ്റോറിയങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കും, തുമ്പൂർമുഴി മോഡൽ ജൈവ മാലിന്യം സംസ്‌കരണം, കുപ്പിച്ചില്ലുകൾ, ഗ്ലാസ്സുകൾ എന്നിവ രണ്ട് മാസം കൂടുമ്പോഴും ബാഗുകൾ, ചെരിപ്പുകൾ എന്നിവ മൂന്ന് മാസം കൂടുമ്പോഴും ഇലക്ട്രോണിക് മാലിന്യങ്ങൾ ആറ് മാസത്തിലൊരിക്കലും ശേഖരിക്കും, ബോധവത്കരണ പരിപാടികൾ, പ്രസംഗം, നാടകം എന്നിവ 40 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്നു. ശുചിത്വഗ്രാമസഭകൾ സംഘടിപ്പിച്ചു. വാർഡ് തലത്തിൽ 30 പേരടങ്ങുന്ന ശുചിത്വസേന, ഹരിതകർമ്മസേനാംഗങ്ങൾക്ക് മതിയായ വേതനം, ഓരോ ആഴ്ചയിലും ആരോഗ്യവകുപ്പിന്റെ കർശന പരിശോധന, ശുചിത്വ ഹർത്താൽ, ശുചിത്വ പ്രഖ്യാപനം എന്നിവ നടത്തും. 
ഇത് കൂടാതെ ഒക്ടോബർ 2 ന് വിവിധ പരിപാടികളും സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് മുമ്പായി കടകളിൽ നിന്ന് പ്ലാസ്റ്റിക് കവർ വിമുക്തമാക്കും. ഒക്ടോബർ 2 ന് ഗോബർധൻ പ്ലാന്റ് പ്രവർത്തന ക്ഷമമാക്കുകയും അന്ന് മുതൽ അറവുശാലകളിലെ മാലിന്യം ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച് പ്ലാന്റിൽ എത്തിക്കുകയും ചെയ്യും. വീടുകളിലെയും ഹോട്ടലുകളിലെയും ജൈവ മാലിന്യം ഉത്പാദിപ്പിക്കുന്നവർ തന്നെ നിർമ്മാർജ്ജനം ചെയ്യണമെന്നാണ് നിർദേശം. ക്ലീൻ പെരിഞ്ഞനത്തിനായി ഓരോ വ്യക്തിയുടെ കടമകളും ഹരിതനിയമങ്ങളും പ്രതിപാദിക്കുന്ന വിശദമായ ബ്രോഷറും പഞ്ചായത്ത് പുറത്തിറക്കിയിട്ടുണ്ട്. പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്ക്, റോട്ടറി ക്ലബ്ബ്, എസ്.എൻ. സ്മാരകം യു.പി സ്‌കൂൾ, പെരിഞ്ഞനം സ്പീച്ച് അക്കാദമി, ഫെഡറൽ ബാങ്ക്, ശാസ്ത്രസാഹിത്യപരിഷത്ത് എന്നിവയുടെ സഹകരണവും പഞ്ചായത്തിനുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി മാലിന്യസംസ്‌കരണത്തിനായി പദ്ധതി വിഹിതത്തിന്റെ 10 ശതമാനം ശുചിത്വപ്രവർത്തനങ്ങൾക്കായാണ് വിനിയോഗിച്ചത്. ഈ പ്രത്യേകതകളെല്ലാം പരിഗണിച്ചാണ് ജില്ലയിലെ 86 പഞ്ചായത്തുകളിൽ നിന്ന് മൂന്ന് മാതൃക പഞ്ചായത്തുകളിലൊന്നായി പെരിഞ്ഞനത്തെ തെരഞ്ഞടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് അറിയിച്ചു.

date