Skip to main content
ഗാന്ധിജയന്തി വാരാഘോഷം പ്രശ്‌നോത്തരി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കട്ടപ്പന ഓസാനം ഇംഗ്ലിഷ് മീഡിയം  സ്‌കൂളിലെ അബിന്‍ സിബി, അഭിറാം അഭിലാഷ് എന്നിവര്‍ക്ക് കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കല്ലുപുരയിടം ക്യാഷ് അവാര്‍ഡ് നല്‍കുന്നു.

ഗാന്ധിജയന്തി വാരാഘോഷം: വിജ്ഞാനം പകര്‍ന്ന് പ്രശ്നോത്തരി

       
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ണ്ടറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി കട്ടപ്പനയില്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഇടുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കട്ടപ്പന നഗരസഭാ ഹാളില്‍ നടന്ന പ്രശ്നോത്തരി മത്സരം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ലൂസി ജോയി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയെ കൂടുതലറിയാനും ഗാന്ധിമാര്‍ഗം പിന്‍തുടരാനും പുതുതലമുറയ്ക്ക് ഇത്തരം മത്സരങ്ങള്‍ പ്രചോദനമേകുമെന്ന് വൈസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പ്രശ്നോത്തരി ക്വിസ് മാസ്റ്റര്‍ എസ്.ശ്രീകുമാര്‍  നയിച്ചു.  ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ഒന്‍പത് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഭിന്‍ സിബി, അഭിറാം അഭിലാഷ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെള്ളാരംകുന്ന് എസ്.എം. എച്ച്.എസിലെ ആഞ്ചല ഷാജി, അന്നാമോള്‍ കൊച്ചുമോന്‍ എന്നിവരടങ്ങിയ ടീം  രണ്ടാം സ്ഥാനവും ചെമ്പകപ്പാറ ഗവണ്‍മെന്റ് എച്ച് എസിലെ നിരുപമ രമേഷ്, അമൃത സന്തോഷ് എന്നിവരടങ്ങിയ ടീം മൂന്നാം സമ്മാനവും നേടി. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും മത്സരിച്ച എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനവും നഗരസഭാ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ബെന്നി കല്ലുപുരയിടം വിതരണം ചെയ്തു.  പരിപാടിക്ക്  ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരായ അജിത കെ.ജി, ആരോമല്‍ പ്രസാദ്, ജീവനക്കാരായ മണിലാല്‍ ജി, ജോര്‍ജ്ജ് എ.എസ്, സജി ചിത്ര, സുനില്‍ സെന്‍ട്രല്‍, തുടങ്ങിയവര്‍  നേതൃത്വം നല്കി.

date