Skip to main content
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ പി.ജെ ജോസഫ് എം എല്‍ എ നിര്‍വഹിക്കുന്നു.

ഗാന്ധിജിയെ സ്മരിച്ച് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍  16 വരെ  നടത്തിവരുന്ന സാമൂഹ്യ  ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഇടുക്കി ജില്ലാതല പരിപാടി തൊടുപുഴയില്‍ നടന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുകയും മറ്റു ജനവിഭാഗങ്ങളുമായി ഐക്യം ഉറപ്പിക്കുകയുമാണ് പരിപാടിയുടെ ദൗത്യം. ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍ഗോഡ് നടത്തി. സമാപനം ഇന്ന് (ഒക്ടോബര്‍ 16) കൊല്ലത്തു നടക്കും. ഐക്യത്തിലൂടെ അതിജീവനം എന്നതാണ് ഈ വര്‍ഷത്തെ മുഖ്യസന്ദേശം.
  തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പി.ജെ ജോസഫ് എം എല്‍ എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ ജെസ്സി ആന്റണി അധ്യക്ഷ ആയിരുന്നു. പരിപാടിയോടനുബന്ധിച്ച് പട്ടികജാതി വകുപ്പിന്റെ വാത്സല്യനിധി പദ്ധതിയുടെ ഗുണഭോക്താക്കളായ 10 പെണ്‍കുട്ടികള്‍ക്ക്  സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പട്ടികജാതി വിഭാഗം പെണ്‍കുട്ടികളുടെ സര്‍വ്വതോന്‍മുഖമായ വികാസത്തിനായി പട്ടികജാതി വികസന വകുപ്പ് എല്‍ഐസി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വാത്സല്യനിധി. 138000 രൂപ പ്രീമിയമായി എല്‍.ഐ.സി ക്ക് നല്‍കുന്നു. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ എല്‍ഐസി മൂന്നുലക്ഷം രൂപ ഇന്‍ഷ്വര്‍ ചെയ്ത് പെണ്‍കുട്ടിക്ക് നല്‍കും. 1-4-2017 ന് ശേഷം ജനിച്ചിട്ടുള്ള ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനം ഉള്ള പട്ടികജാതി വിഭാഗം പെണ്‍കുട്ടികള്‍ക്കാണ് പദ്ധതിയില്‍ അംഗമാകാന്‍ കഴിയുക.

പരിപാടിയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല ഗാന്ധിയന്‍ പഠനവിഭാഗം മുന്‍ ഡയറക്ടര്‍ പ്രൊഫ. എം. പി മത്തായി 'ഐക്യത്തിലൂടെ അതിജീവനം -ഗാന്ധിയന്‍ സമീപനം 'എന്ന വിഷയത്തിലും പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടോമി ചാക്കോ 'പട്ടികജാതി വികസന ക്ഷേമ പദ്ധതികള്‍' എന്ന വിഷയത്തിലും  ക്ലാസുകള്‍ നടത്തി.  ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍. രഘു,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി. വി സുനിത, മനോജ് കെ തങ്കപ്പന്‍, തൊടുപുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ഹരി, തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ അനില്‍കുമാര്‍ റ്റി.കെ, അരുണിമ ധനേഷ്, ലൂസി ജോസഫ്, കേരള ചേരമര്‍സംഘം സംസ്ഥാന സമിതി അംഗം രാജന്‍ മക്കുപ്പാറ, പി.കെ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി സുരേന്ദ്രന്‍, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ഒ.കെ ബിജു, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി റ്റി.എ ബാബു, പി.കെ.എസ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ പി.എന്‍ നാരായണന്‍, ഐ.റ്റി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ ശ്രീരേഖ കെ.എസ്, ഇളംദേശം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആനിയമ്മ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

 

date