Skip to main content

വള്ളത്തോൾ നഗറിൽ കുടുംബശ്രീ പരിശീലന കേന്ദ്രവും ഷീലോഡ്ജും യാഥാർഥ്യമാകുന്നു

തൃശൂർ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ വള്ളത്തോൾ നഗറിൽ കുടുംബശ്രീ പരിശീലന കേന്ദ്രവും ഷീലോഡ്ജും നിർമ്മിക്കുന്നു. നിർമ്മാണോദ്ഘാടനം നാളെ (ഒക്ടോബർ 19) രാവിലെ 9.30ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും. കുടുംബശ്രീ ത്രിതല ഭാരവാഹികൾക്കും ഉദ്യോഗസ്ഥർക്കും താമസിച്ച് പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നതിന് സ്വന്തമായി പരിശീലനകേന്ദ്രം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പരിശീലനകേന്ദ്രം നിർമ്മിക്കുന്നത്. സ്ത്രീകൾക്ക് സുരക്ഷിതമായ താമസ സൗകര്യം നൽകുക എന്നതാണ് ഷീ ലോഡ്ജിന്റെ ലക്ഷ്യം. വള്ളത്തോൾനഗർ പഞ്ചായത്തിന്റെ സ്ഥലത്ത് 17372 ചതുരശ്ര അടി വിസ്തീർണത്തിലാണ് കുടുംബശ്രീ പരിശീലനകേന്ദ്രം കം ഷീ ലോഡ്ജ് വരുന്നത്. 5,34,10,000 രൂപയാണ് അടങ്കൽ തുക. അക്രഡിറ്റ് ഏജൻസിയായ ജില്ലാ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് നിർമ്മാണ ചുമതല.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യു.ആർ. പ്രദീപ് എംഎൽഎ മുഖ്യാതിഥിയാകും. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ പദ്ധതി വിശദീകരണം നടത്തും.

date