Skip to main content

ഇന്ത്യയിലെ പ്രവാസി മലയാളികളില്‍ കൂടുതലും കര്‍ണാടകത്തില്‍

ഇന്ത്യയിലെ പ്രവാസി മലയാളികളില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍. രാജ്യത്തെ ഐ.റ്റി സിറ്റിയായ ബംഗലൂരു സ്ഥിതിചെയ്യുന്ന കര്‍ണാടകത്തില്‍ രാജ്യത്തിനകത്തെ പ്രവാസി മലയാളികളില്‍ 33 ശതമാനം പേരാണ് കഴിയുന്നത്. 7 ലക്ഷത്തോളം പേരാണ് കേരളത്തിന് പുറത്ത് വിവിധ തൊഴില്‍ മേഖലകളിലായി കുടിയേറിയിട്ടുള്ളത്. 17 ശതമാനം തമിഴ്‌നാട്ടിലും, 14 ശതമാനം മഹാരാഷ്ട്രയിലും, 8 ശതമാനം ന്യൂഡല്‍ഹിയിലുമാണ് കുടിയേറിയിട്ടുള്ളത്. ശേഷിക്കുന്ന 27 ശതമാനം പ്രവാസികള്‍ മറ്റു  സംസ്ഥാനങ്ങളിലേക്കുമാണ് കുടിയേറിയിരിക്കുന്നത്.

2014 ല്‍ നടന്ന കേരള മൈഗ്രേഷന്‍ സര്‍വേയിലെ  വിവരങ്ങള്‍ പുതുക്കുന്നതിനായി ഓണ്‍ലൈന്‍ വിവരശേഖരണം നടത്താനും ഇക്കാര്യത്തില്‍ ഒരോ പ്രവാസിയെയും സഹകരിപ്പിക്കാനും സംവിധാനം ഒരുക്കാന്‍ ലോക കേരള സഭ കരട് രേഖ വിഭാവനം ചെയ്യുന്നു. 2014 ലെ സര്‍വെ അനുസരിച്ച് 24 ലക്ഷം പ്രവാസികള്‍ കേരളത്തില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്കു കുടിയേറിയിട്ടുണ്ട്. 12.52 ലക്ഷം പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം കാലക്രമേണ കൂടി വരികയാണ്. 86 ശതമാനം പ്രവാസി മലയാളികളും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് കുടിയേറിയിരിക്കുന്നത്.  അമേരിക്കന്‍ ഐക്യനാടുകളിലെ പ്രവാസികളുടെ ഏകദേശ കണക്ക് കേരളത്തില്‍ നിന്നുമുള്ള മൊത്തം കുടിയേറ്റത്തിന്റെ 3.4 ശതമാനവും, യൂറോപ്പില്‍ 2.4 ശതമാനവുമാണ്. കേരളത്തില്‍ നിന്നും ആദ്യതലമുറ കുടിയേറ്റം നടന്ന രാജ്യങ്ങളായ സിംഗപ്പൂര്‍ മലേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവയില്‍ ആകെ പ്രവാസികളുടെ ശതമാനക്കണക്ക് 1.4 ശതമാനമാണ്. 

പി.എന്‍.എക്‌സ്.109/18

date