Skip to main content

സ്റ്റാർട്ട് അപ്പ് സംരംഭകങ്ങൾക്ക് പുത്തൻ പ്രതീക്ഷ: എഷ്യയിലെ എറ്റവും വലിയ വിദ്യാർത്ഥി സംരംഭക ഉച്ചകോടിക്ക് സമാപനം

കേരളത്തിലെ സ്റ്റാർട്ട് അപ്പ് പരീക്ഷണങ്ങൾക്കും സംരംഭകങ്ങൾക്കും പുത്തൻ പ്രതീക്ഷ നൽകി നാലാമത് ഐഇഡിസി ഉച്ചകോടിക്ക് സമാപനമായി. കേരള സ്റ്റാർട്ട് അപ്പ് മിഷൻെ്‌റ നേതൃത്വത്തിൽ കൊടകര സഹൃദയ എഞ്ചിനീയറിങ്ങ് കോളേജിലാണ് 4300 വിദ്യാർഥികൾ പങ്കെടുത്ത എകദിന ഉച്ചകോടി സംഘടിപ്പിച്ചത്. നാലാം തലമുറ വ്യവസായിക വിപ്ലവത്തിന് മുതൽക്കൂട്ടാവുന്ന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിൽ ഊന്നിയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. കേരള സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ജയശ്രീ എം.എസ്. ഉദ്ഘാടനം ചെയ്തു. 100 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തങ്ങളുടെ ആശയങ്ങളും പരീക്ഷണങ്ങളും അവതരിപ്പിച്ചു. 20 സ്റ്റാർട്ട് അപ്പുകളും 30 വിദ്യാർഥി സ്റ്റാർട്ട് അപ്പുകളും തങ്ങളുടെ നവീന ഉല്പന്നങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോളേജുകളിൽനിന്നായി 226 ലധികം വരുന്ന ഇന്നോവേഷൻ ആൻഡ് എൻ്‌റർപ്രിണർഷിപ്പ് സെന്ററുകളിൽനിന്ന് 12 വിദ്യാർഥികൾ വീതം പങ്കെടുത്തു. ഫലത്തെക്കുറിച്ച് ആശങ്കപ്പെടാതെ തങ്ങളുടെ സംരംഭക പരീക്ഷണങ്ങളും ഗവേഷണങ്ങളുമായി വിദ്യാർഥികൾ മുന്നോട്ടുപോകണമെന്ന ആശയമാണ് ഉച്ചകോടിയിലൂടെ ഉയർന്നുവന്നത്.
വിദ്യാർഥികൾക്ക് തങ്ങളുടെ പരീക്ഷണങ്ങൾ ധൈര്യപൂർവ്വം അവതരിപ്പിക്കാനുള്ള വേദികൂടിയായിരുന്നു ഉച്ചകോടി. മികച്ച സംരംഭങ്ങളുടെ വിജയകഥ വിവരിക്കുന്ന സെഷനും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. കേരള സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ജയശ്രീ എം.എസ്., കേരള സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് എന്നിവരുൾപ്പടെ 25 ഓളം പ്രമുഖർ സംരംഭകത്വ പരീക്ഷണങ്ങളിലെ സാധ്യതകളെയും വെല്ലുവിളികളെയും സംബന്ധിച്ച് വിദ്യാർഥികളുമായി സംവദിച്ചു. സ്റ്റാർട്ട് അപ് എക്‌സ്‌പോ, എക്‌സ്റ്റൻ്‌റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിൻ ട്രാക്ക്, ആക്ടിവിറ്റി ഹബ്, പാനൽ ചർച്ചകൾ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി. ലോകത്തെ വിവിധ ഭാഗത്തുനിന്നുള്ള വിദഗ്ദരുമായി ആശയങ്ങൾ പങ്കുവയ്ക്കാൻ കഴിഞ്ഞത് മികച്ച അനുഭവവും പ്രതീക്ഷയുമായെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത വിദ്യാർഥികൾ പറഞ്ഞു.
സമൂഹത്തിന്റെ ആവശ്യങ്ങളും ഭാവി പ്രതീക്ഷകളും നിറവേറ്റുന്നതിന് ആവശ്യമായ രീതിയിൽ സംരംഭകത്വ കഴിവുകൾ ആർജിച്ചെടുക്കാനും പരീക്ഷണം നടത്താനും കേരളത്തിലെ വിദ്യാർഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ട് അപ് മിഷൻ 2016 മുതൽ ഐഇഡിസി ഉച്ചകോടികൾ സംഘടിപ്പിക്കുന്നത്. ഐഇഡിസി വഴി കേരളത്തിലെ വിദ്യാർഥികളെ നാലാം തലമുറ വ്യാവസായിക വിപ്ലത്തിൻെ്‌റ ഭാഗമാക്കുക എന്ന ലക്ഷ്യം മുന്നോട്ടുവെച്ചാണ് ഉച്ചകോടി സമാപിച്ചത്.

date