Skip to main content

റോഡുകളുടെ നിർമ്മാണം ഉൾപ്പടെ വിവിധ മേഖലകളിൽ ഉണ്ടാവുന്നത് വലിയ മുന്നേറ്റം - മന്ത്രി എ കെ ശശീന്ദ്രൻ

റോഡുകളുടെ നിർമ്മാണ കാര്യത്തിൽ മാത്രമല്ല ആരോഗ്യ മേഖലയിലും,  വിദ്യാഭ്യാസമേഖലയിലും, പാർപ്പിട നിർമ്മാണ മേഖലയിലും, കാർഷികമേഖലയിലും വലിയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചേളന്നൂര്‍ 9/1 ഇരുവള്ളൂര്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെൽകൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ആസൂത്രിതമായ വിധത്തിൽ നടപ്പിലാക്കുന്നതിന് കൃഷിവകുപ്പുമായും കൃഷി വികസന ഓഫീസർമാരുമായും ബന്ധപ്പെട്ട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് തന്നെ മുൻകൈയ്യെടുത്ത് ഒരു സമയബന്ധിത  പരിപാടി നടപ്പിലാക്കണമെന്ന് ഉദ്ദേശിക്കുന്നു. ഈ പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ ജനതയുടെ കൈകളിലേക്ക് പണം പരോക്ഷമായി എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
 
എലത്തൂർ എംഎൽഎ കൂടിയായ ഗതാഗത മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം  രൂപ ചെലവഴിച്ചാണ് ചേളന്നൂര്‍ 9/1 ഇരുവള്ളൂര്‍ റോഡ് പ്രവൃത്തി പൂർത്തിയാക്കുന്നത്.

ചടങ്ങിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ടി വത്സല അധ്യക്ഷയായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം ഷാജി, ചേളന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം വിജയൻ, ചേളന്നൂർ  ഗ്രാമപഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഇസ്മായിൽ, ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം കെ മോഹൻദാസ്, വാർഡ് വികസന സമിതി കൺവീനർ കെ.ടി പ്രസാദ് മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

കിറ്റ് കോ യുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം  കണ്ണൂരിൽ ആരംഭിക്കുന്നു

 

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ് കോയും ചേർന്ന് എന്റർ പ്രണർഷിപ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII) യുടെ സഹകരണത്തോടെ 4(നാല്) ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ഒക്ടോബർ -നവംബർ മാസങ്ങളിലായി കണ്ണൂരിൽ സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സയൻസിലോ, എഞ്ചിനീരിങ്ങിലോ ബിരുദമോ ഡിപ്ലോമ യോ ഉള്ളവർക്ക് പങ്കെടുക്കാം . പ്രായ പരിധി 21 നും 45 വയസിനും ഇടയിൽ. താൽപ്പര്യമുള്ളവർ കിറ്റ് കോയുടെ കൊച്ചി ഓഫിസുമായി ബന്ധപെടുക.

ബിസിനസ്സ് മേഖലയിൽ ലാഭകരമായ സംരംഭങ്ങൾ തെരഞ്ഞെടുക്കേണ്ട വിധം , വ്യവസായ മാനദണ്ഡങ്ങൾ, വിവിധ ലൈസൻസുകൾ, ഗുഡ് മാനുഫാക്ച്ചറിങ് പ്രാക്റ്റിസ്സ്. സാമ്പത്തിക വായ്പാ മാർഗങ്ങൾ, മാർക്കറ്റ് സർവ്വേ, ബിസിനസ് പ്ലാനിങ് , മാനേജ് മെന്റ് വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങൾ, വ്യക്തിത്വ വികസനം, ആശയവിനിമയ പാടവം, മോട്ടിവേഷൻ തുടങ്ങി നിരവധി വിഷയങ്ങൾക്ക് പുറമെ വ്യവസായ സന്ദർശനവും ഈ പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യ മുള്ളവർ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ , ആധാർ കോപ്പി സഹിതം ഒക്ടോബർ 21 ന് (തിങ്കൾ ), രാവിലെ 11 ന് കണ്ണൂർ തോട്ടടയിലെ ഗവണ്മെന്റ് പോളി ടെക്നിക് കോളേജിൽ ഹാജരാക്കേണ്ടതാണ് . വിശദ വിവരങ്ങൾക്ക് -0484 4129000/ 9447509643 , www.kitco.in

 

സേവനാവകാശ നിയമം; നിയമസഭാ സബോര്‍ഡിനേറ്റ്  കമ്മിറ്റി യോഗം 22 ന്

സേവനാവകാശ നിയമം സംബന്ധിച്ച് നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി ഒക്ടോബര്‍ 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ സേവനാവകാശ ചട്ടങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശ സ്വയംഭരണം, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും പൊതുജനങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍, സര്‍വ്വീസ് സംഘടന നേതാക്കള്‍ എന്നിവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. 2012 ലെ സംസ്ഥാന സേവനാവകാശ നിയമത്തിന്റെ കീഴില്‍ വരുന്ന 750/2012, 751 / 2012 എന്നീ എസ്ആര്‍ഒ കളുടെ അടിസ്ഥാനത്തില്‍ സേവനാവകാശ ചട്ടങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചാണ് ചര്‍ച്ച നടത്തുക. സമിതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ ലഭ്യമാക്കണം. താത്പര്യമുള്ളവര്‍ക്ക് ഒക്‌ടോബര്‍ 22-ന് കളക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്കാമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

date