Skip to main content

ഡ്യൂട്ടി സമയം: അധ്യാപികമാരുടെ പരാതി കൂടുന്നതായി  വനിതാ കമ്മീഷന്‍

 

ഡ്യൂട്ടി സമയം കൂടുന്നതുമായി ബന്ധപ്പെട്ട് അധ്യാപികമാരില്‍ നിന്നും ലഭിക്കുന്ന പരാതികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  വനിതാ കമ്മീഷന്‍  അദാലത്തില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ അറിയിച്ചു. പത്ത് അധ്യാപികമാരുള്ള സ്‌കൂളുകളില്‍ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന നിയമം പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. പാലക്കാട് ജില്ലയിലെ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാനാധ്യാപകനും ദേവസ്വം ബോര്‍ഡ് അംഗത്തിനുമെതിരെ അധ്യാപികമാരുടെ പരാതി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.

അമ്മമാര്‍ക്ക് മക്കളില്‍ നിന്നും സംരക്ഷണം ലഭിക്കാത്തത് സംബന്ധിച്ചും  അതിര്‍ത്തി തര്‍ക്കം സംബന്ധിച്ചുമാണ് ലഭിച്ച മറ്റു പ്രധാന പരാതികള്‍. 55 പരാതികളാണ് മൊത്തം ലഭിച്ചത്. 15 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികളില്‍ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും 35 എണ്ണം അടുത്ത അതാലത്തിലേക്ക് മാറ്റി വയ്ക്കുകയും ചെയ്തതായി കമ്മീഷന്‍ അറിയിച്ചു. വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.ഷിജി ശിവജി, ഇ.എം. രാധ തുടങ്ങിയവര്‍ പങ്കെടുത്തു.

date