Skip to main content

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം 

 

ഒറ്റപ്പാലം എന്‍.എസ്.എസ്.  കെ. പി. ടി.  എച്ച്. എസ്. സ്‌കൂളില്‍ മൂന്ന് ദിവസമായി തുടരുന്ന 22-മത് സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം സമാപന സമ്മേളനം ഇന്ന് (ഒക്ടോബര്‍ 20) വൈകിട്ട് അഞ്ചിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി പരിപാടിയില്‍ അധ്യക്ഷനാവും. എ.ഡി.പി. ഐ. ജനറല്‍ കണ്‍വീനര്‍ സി.എസ്. സന്തോഷ് കലോത്സവ അവലോകനവും വിജയികളെ പ്രഖ്യാപിക്കലും നടത്തും. എം.എല്‍.എ. മാരായ പി.ഉണ്ണി,  കെ. ബാബു, എന്‍.ഷംസുദ്ദീന്‍, കെ.സി.പ്രസേനന്‍,വി. ടി. ബല്‍റാംര്‍ മുഖ്യാതിഥികളാവും. ഒറ്റപ്പാലം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. രത്‌നമ്മ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സത്യന്‍ പെരുമ്പറക്കോട്,  പി.എം.എ. ജലീല്‍ ,യു.എ. മജീദ്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ പാലക്കാടും മലപ്പുറവും ഒന്നാമത്.

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന എട്ടു മുതല്‍ 10 വരെ ക്ലാസുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് 41 പോയിന്റ് നേടി പാലക്കാട് ഒന്നാം സ്ഥാനവും 38 പോയിന്റ് നേടി എറണാകുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകാരുടെ വിഭാഗത്തില്‍ 35 പോയിന്റ് നേടി മലപ്പുറം മുന്നിലെത്തിയപ്പോള്‍ 29 പോയിന്റ് നേടി തിരുവനന്തപുരം രണ്ടാം സ്ഥാനത്തെത്തി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒറ്റപ്പാലത്ത് നടക്കുന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാനത്തെ 241  സ്‌കൂളുകളില്‍ നിന്നായി ഭിന്നശേഷിക്കാരായ 1500 ലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. രണ്ടാം ദിനത്തില്‍ നാടോടി നൃത്തം, സംഘനൃത്തം, കഥാപ്രസംഗം, ശാസ്ത്രീയസംഗീതം, മിമിക്രി, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം, മോണോ ആക്ട്, ഉപകരണസംഗീതം, പദ്യംചൊല്ലല്‍, ജലച്ചായം, ബാന്‍ഡ് മേളം, എന്നീ ഇനങ്ങളിലായി 710 വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. സമാപന ദിനമായ ഇന്ന് (ഒക്ടോബര്‍ 19) കാഴ്ച്ച കുറവുള്ള (വി.ഐ) വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ മത്സരമാണ് പ്രധാനമായും നടക്കുന്നത്. 345 വിദ്യാര്‍ഥികളാണ് പങ്കെടുക്കുക.

വള്ളുവനാടന്‍ സദ്യ ആസ്വദിച്ച് സംസ്ഥാന സ്‌പെഷല്‍ കലോത്സവത്തിലെ വിദ്യാര്‍ഥികള്‍.

വള്ളുവനാടന്‍ ശൈലിയിലുള്ള തനത് വിഭവങ്ങളാണ് 22-ാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിളമ്പുന്നത്. കൂടല്ലൂര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു ദിവസം 2500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നത്. ഒരേസമയം 350 പേര്‍ക്ക് ഇരുന്ന് കഴിക്കാവുന്ന ഇരിപ്പിടവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസവും പായസം ഉള്‍പ്പെടുന്ന സദ്യയും മൂന്നാംദിനം ബിരിയാണിയുമാണ് ഒരുക്കുന്നത്. കൂടാതെ രാവിലെ പ്രഭാത ഭക്ഷണവും വൈകുന്നേരങ്ങളില്‍ ചായയും പലഹാരവും നല്‍കുന്നു. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ഭക്ഷണ വിതരണം. വാഴയിലയും സ്റ്റീല്‍ പ്ലേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് ഉപയോഗിക്കുന്നത്. ഭക്ഷണ വേസ്റ്റുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ സമാഹരിക്കുന്നുണ്ട്. കെ.എസ്.ടി. അധ്യാപക സംഘടനയാണ് ഭക്ഷണ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.

ആവേശമായി കഥാപ്രസംഗ വേദി

ചടുലമായ വാക്കുകളും ഭാവാഭിനയവും കൊണ്ട് വിധികര്‍ത്താക്കളെയും കാണികളെയും അത്ഭുതപ്പെടുത്തി സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലെ കഥാപ്രസംഗ മത്സരം. വി.ഐ (വിഷ്യലി ഇംപയേര്‍ഡ്) വിഭാഗത്തില്‍ യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. മണ്‍മറഞ്ഞു പോകുന്ന കലാരൂപമെന്ന സ്ഥിതിയില്‍ നിന്നും വ്യത്യസ്തമായി കഥാപ്രസംഗത്തിന് പുതുതലമുറയില്‍ ഭാവിയുണ്ടെന്ന് തെളിയിക്കുന്നതാണ് മത്സരം. കാണികളെ കാണാതെ പഠിച്ചുവെച്ചതെല്ലാം കൃത്യമായ മലയാള ഉച്ചാരണത്തില്‍ ഓരോ വിദ്യാര്‍ഥിയും അവതരണം നടത്തി. താളത്തിനനുസൃതമായ ഭാവപ്രകടനങ്ങളാലും അവര്‍ വേദിയെ വ്യത്യസ്തമാക്കി. വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ അനശ്വര പത്‌നി കവിത മുതല്‍ രാമായണവും മഹാഭാരതവും കഥാപ്രസംഗത്തിന് വിഷയങ്ങളായി. പങ്കെടുത്ത ഭൂരിഭാഗം കുട്ടികള്‍ക്കും എ ഗ്രേഡ് നേടാനായത് മത്സരത്തിന്റെ വിജയമായി.

മനസ്സിലെ കാഴ്ചകള്‍ ബ്രെയ്‌ലി ലിപിയില്‍ പകര്‍ത്തി കഥാരചന .

കേള്‍ക്കുന്നതും അധ്യാപകര്‍ പറഞ്ഞു തരുന്നതുമായ കാര്യങ്ങളെ മനസ്സില്‍ കോര്‍ത്തിണക്കി ബ്രെയ്ലി ലിപിയിലൂടെ കഥ രചിച്ച് വിദ്യാര്‍ഥികള്‍. സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലാണ് കാഴ്ച വൈകല്യമുള്ള കുട്ടികളുടെ കഥാ രചനാമത്സരം ശ്രദ്ധേയമായത്. ബ്രെയ്‌ലി ലിപിയിലെ ആറ് കുത്തുകള്‍ യോജിപ്പിച്ച് അക്ഷരങ്ങളും വാക്യങ്ങളുമാക്കി സ്വപ്നങ്ങളെ കഥയാക്കി മാറ്റിയാണ് വിദ്യാര്‍ഥികള്‍ കഥയെഴുതിയത്. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വേനലവധിയും പെയ്തുതോരാത്ത മഴയും വിഷയങ്ങളായി എത്തിയപ്പോള്‍ തങ്ങളുടെ സ്വപ്നങ്ങളെ മുഴുവനായി ലിപി ബോര്‍ഡിലേക്ക് പകര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്കായി.

ചുവട് തെറ്റാതെ താളം പിഴക്കാതെ നാടോടി നൃത്ത മത്സരം

സംസ്ഥാന സ്‌പെഷ്യല്‍ കലോത്സവത്തില്‍ ഏറെ ശ്രദ്ധ നേടിയ വര്‍ണാഭമായ ഇനമായി ഒന്നാം വേദിയില്‍ അരങ്ങേറിയ നാടോടി നൃത്ത മത്സരം. കേള്‍വി കുറവുള്ള വിദ്യാര്‍ഥികളുടെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരിച്ച് നൃത്തച്ചുവടുകള്‍ വച്ചു. വേഷവും ഭാവവും കൊണ്ട് സംഘ നൃത്തങ്ങള്‍ ഓരോന്നും വ്യത്യസ്തമായി. സ്റ്റേജിനു താഴെനിന്ന് അധ്യാപകര്‍ പറഞ്ഞു കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു ഓരോരുത്തരുടെയും നൃത്തം. തുടക്കം മുതല്‍ സംഘനൃത്തവേദിയില്‍ കാണികള്‍ നിറഞ്ഞു കവിഞ്ഞു. ജാതീയതയും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും സംഘനൃത്തിലൂടെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.

കലോത്സവവേദിയില്‍ മജീഷ്യന്‍ മുതുകാട്.

കലോത്സവ വേദിയിലേക്ക് പെട്ടെന്ന് കടന്നുവന്ന അതിഥിയെ കണ്ട് കൈയടിച്ച് വിദ്യാര്‍ഥികള്‍. വേദിയില്‍ കയറി വിദ്യാര്‍ഥികളുമായി സംവദിച്ച മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് പ്ലാനറ്റിലെ ഭിന്നശേഷി വിദ്യാര്‍ഥികളുടെ വളര്‍ച്ചയെയും കഴിവിനെയും കുറിച്ച് സംസാരിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി കൃത്യമായ പരിശീലനം നല്‍കിയാല്‍ അവരെ മികച്ചവരാക്കാന്‍ കഴിയുമെന്നും ഇതിന് ഉദാഹരണമാണ് മാജിക് പ്ലാനറ്റിലെ  23 കുട്ടികളെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം ഇവര്‍ 1000 വേദികളില്‍ മാജിക് അവതരിപ്പിച്ചിട്ടുണ്ട്. ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാ വൈഭവങ്ങളെ  പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ആര്‍ട് സെന്ററിലേക്ക് വരാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികളെ ക്ഷണിക്കുകയും സിനിമ ഉള്‍പ്പെടെ എല്ലാ മേഖലയിലും താല്‍പര്യമുള്ളവര്‍ക്ക് ആര്‍ട് സെന്ററിലേക്ക് വരുന്നതിന് സാമൂഹിക സുരക്ഷാ മിഷനുമായോ മാജിക് പ്ലാനറ്റുമായോ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് സമ്മാദാനവും നിര്‍വഹിച്ചാണ് മുതുകാട് മടങ്ങിയത്.

കലോല്‍സവത്തില്‍ ഇന്ന് (ഒക്ടോബര്‍ 20)

വേദി 1 (ഗ്രൗണ്ട് ഓഡിറ്റോറിയം)

തിരുവാതിരക്കളി  (എച്ച്. ഐ,എച്ച്. എസ്, എച്ച്. എസ്.എസ്.)

വേദി 2 ( ഗ്രൗണ്ട് ഓഡിറ്റോറിയം)

ചിത്രീകരണം ( എച്ച്. ഐ,  എച്ച്. എസ്, എച്ച്. എസ്.എസ്.)

വേദി 3 ( ഓഡിറ്റോറിയം)

സംഘഗാനം ( വി. ഐ, യു.പി, എച്ച്. എസ്, എച്ച്. എസ്.എസ്.)

വേദി 4 ( വി.എച്ച്.എസ്.ഇ. ലബോറട്ടറി ബ്ലോക്കിന് സമീപം)

കഥാകഥനം (വി.ഐ, യു പി, എച്ച്. എസ്, എച്ച്. എസ്.എസ്.)
പ്രസംഗം (വി.ഐ, യു.പി, എച്ച്. എസ്, എച്ച്. എസ്.എസ്.)

വേദി 5 ( വി. എച്ച്. എസ്. ഹാള്‍)

മത്സരമില്ല

വേദി 6 ( ക്ലാസ് റൂം)

മത്സരമില്ല

വേദി 7 ( സെവന്‍ത്ത് ഡേ എച്ച്.എസ്. കണ്ണിയംപുറം ഗ്രൗണ്ട്)

മത്സരമില്ല

date