Skip to main content

മുനിസിപ്പല്‍ സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്;  40 കോടിയുടെ മാസ്റ്റര്‍പ്ലാന്‍ ഒരുങ്ങുന്നു

കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 40 കോടി രൂപയുടെ മാസ്റ്റര്‍പ്ലാനിന് ഇതുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമരൂപം നല്‍കി. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടങ്ങളെ കൂടി ഉള്‍പ്പെടുത്തിയും കാലപ്പഴക്കം ചെന്നതും ഉപയോഗയോഗ്യമല്ലാത്തതുമായ കെട്ടിടങ്ങള്‍ നീക്കം ചെയ്തുമാണ് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക. സ്‌കൂളിന്റെ മൂന്ന് ഏക്കര്‍ സ്ഥലത്ത് ക്ലാസ് മുറികള്‍, ലാബുകള്‍, ഓഡിറ്റോറിയം തുടങ്ങിയവയ്ക്കു പുറമെ, ഇന്‍ഡോര്‍ സ്‌റ്റേഡിയം, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ തുടങ്ങി സ്‌പോര്‍ട്‌സ് വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരിക്കും മാസ്റ്റര്‍ പ്ലാന്‍. 
    സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് അടച്ചുപൂട്ടപ്പെട്ടതുള്‍പ്പെടെ മഹത്തായ ചരിത്രപാരമ്പര്യമുള്ള വിദ്യാലയമാണ് 1861ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്‌കൂളെന്ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു. പി ടി ഉഷ ഉള്‍പ്പെടെയുള്ള പ്രമുഖ കായിക താരങ്ങളെ സംഭാവന ചെയ്ത സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ഗതകാല പ്രതാപം തിരിച്ചുപിടിക്കണം. നഗരഹൃദയത്തിലുള്ള ഈ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകള്‍ക്കു പുറമെ അടുത്ത വര്‍ഷം മുതല്‍ ആറ്, ഏഴ് ക്ലാസ്സുകള്‍ കൂടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 
    സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചെയര്‍മാനായി ഒരു സബ്കമ്മിറ്റിക്ക് യോഗം രൂപം നല്‍കി. കായിക പരിശീലനങ്ങള്‍ക്കുള്ള ആധുനിക സൗകര്യങ്ങള്‍, സ്‌പോര്‍ട്‌സ് ലൈബ്രറി തുടങ്ങിയവ ഉള്‍പ്പെടുത്തി രണ്ടാഴ്ചയ്ക്കകം മാസ്റ്റര്‍ പ്ലാനിന് അന്തിമരൂപം നല്‍കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 
    നിലവില്‍ 12 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്നുണ്ട്. 2.6 കോടിയുടെ ഇരുനില ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 60 ലക്ഷം ഉപയോഗിച്ച് നിര്‍മിക്കുന്ന അടുക്കള-ഭക്ഷണശാല നിര്‍മാണം പുരോഗമിക്കുകയാണ്. സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്റ്റലില്‍ സെപ്റ്റിക് ടാങ്ക് നിര്‍മാണമുള്‍പ്പെടെ 1.7 കോടിയോളം രൂപയുടെ പ്രവൃത്തികളും ഉടന്‍ ആരംഭിക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കുള്ള കെട്ടിട നിര്‍മാണത്തിനായി മന്ത്രി മുന്‍കൈയെടുത്ത് ലഭ്യമാക്കിയ 4.41 കോടിയുടെ ബജറ്റ് തുകയ്ക്ക് നേരത്തേ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന്റ നിര്‍മാണവും മാസ്റ്റര്‍ പ്ലാനിന് അനുയോജ്യമായ രീതിയില്‍ ഉടന്‍ തന്നെ ആരംഭിക്കും. കായിക വകുപ്പിന്റെ നേതൃത്വത്തില്‍ 2.5 കോടിയുടെ രണ്ട് വീതം ബാസ്‌ക്കറ്റ് ബോള്‍, വോളി ബോള്‍ കോര്‍ട്ടുകളുടെ നിര്‍മാണവും പുരോമിക്കുകയാണ്. നിലവില്‍ ആരംഭിച്ച മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ജനുവരി പകുതിയോടെ പൂര്‍ത്തിയാക്കാന്‍ പിഡബ്ല്യുഡിക്കും യുഎല്‍സിസിക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 
    നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇവിടെ നടത്താന്‍ തീരുമാനിച്ച ജില്ലാ സ്‌കൂള്‍ കലോല്‍സവം മറ്റൊരിടത്തേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും യോഗം തീരുമാനിച്ചു. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണിതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്‌കൂള്‍ കോംപൗണ്ടിലെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ സമയബന്ധിതമായി പൊളിച്ചുനീക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. 
    യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. പി ഇന്ദിര, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍ ലിഷ ദീപക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ കെ പവിത്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
പി എന്‍ സി/3701/2019

date