Skip to main content

ദുരന്ത മുന്നറിയിപ്പുകള്‍ പാലിക്കാനുള്ള ആഹ്വാനവുമായി  അതിജീവനം ബോധവല്‍കരണ സ്‌കിറ്റ്      

പ്രളയത്തെത്തുടര്‍ന്നും മറ്റുമുണ്ടാകുന്ന ദുരന്തങ്ങളുടെ തോത് കുറയ്ക്കുന്നതിന് സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ പാലിക്കുക എന്ന ആഹ്വാനവുമായി അവതരിപ്പിച്ച ദുരന്ത നിവാരണ അതോറിറ്റിയുടെ അതിജീവനം ബോധവല്‍കരണ സ്‌കിറ്റ് ജനശ്രദ്ധ നേടി. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രചാരണ പരിപാടിയുടെ ഫ്‌ളാഗ് കര്‍മ്മം അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ് നിര്‍വഹിച്ചു. ഈ കാലഘട്ടത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണിതെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ ദുരന്തങ്ങളുടെ തോത് വലിയ രീതിയില്‍ കുറയ്ക്കാന്‍ കഴിയുമെന്നും അസിസ്റ്റന്റ് കലക്ടര്‍ പറഞ്ഞു. 
    പ്രളയ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച സ്‌കിറ്റില്‍ എമര്‍ജന്‍സി കിറ്റിന്റെ പ്രാധാന്യം, പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തുള്ള മനുഷ്യന്റെ ജീവിതം തുടങ്ങിയ കാര്യങ്ങളും വിഷയമായി. സര്‍ക്കാര്‍ തലത്തില്‍ ദുരന്തങ്ങള്‍ തടയുന്നതിന് ഒരുപാട് ശ്രമങ്ങള്‍ കൈകൊള്ളുന്നുണ്ടെങ്കിലും ജങ്ങള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് അപകടങ്ങളുടെ തോത് വര്‍ധിക്കാന്‍ കാരണമെന്ന് സ്‌ക്രിപ്റ്റിന്റെ തിരക്കഥാകൃത്തും കുടുംബശ്രീ ബാലസഭയുടെ പ്രവര്‍ത്തകനുമായ  സി വിനോദ് കണ്ണാടിപ്പറമ്പ് പറഞ്ഞു. വയനാട്ടിലെ ഒരു കുടുംബത്തിന് നേരിട്ട അനുഭവമാണ് സ്‌കിറ്റിലൂടെ അവതരിപ്പിക്കുന്നത്. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്‌കിറ്റ് ഗ്രാമ കേളി കലാക്കൂട്ടത്തിലെ കലാകാരന്മാരായ സി വിനോദ് കണ്ണാടിപ്പറമ്പ്, കെ ജില്‍ന, കെ വിദ്യ, ലസിജ സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് അവതരിപ്പിച്ചത്.
    മുനിസിപ്പല്‍ ഹൈസ്‌കൂള്‍, പയ്യാമ്പലം ബീച്ച്, പ്രളയം നേരിട്ട നാറാത്ത് കാക്കത്തുരുത്തി എന്നീ കേന്ദ്രങ്ങളിലാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. സ്പിയര്‍ ഇന്ത്യ, കണ്ണൂര്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍  ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) വി വിശാലാക്ഷി, കെഎസ്ഡിഎംഎ സ്ഫിയര്‍ ഇന്ത്യ പ്രൊജക്ട് ഓഫീസര്‍ അഭിജ ജഗദീഷ്, മറ്റ് ഉദ്യോഗസ്ഥര്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/3704/2019 

 

date