Skip to main content

കനിവ് 108: 100 ആംബുലന്‍സുകള്‍  ആരോഗ്യമന്ത്രി  ഫ്ളാഗ് ചെയ്തു

സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള 100 ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തിന് ഏറെ ആശ്വാസകരമായ പദ്ധതികളാണ് ട്രോമ കെയറിലൂടെ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 3500 ല്‍ അധികം പേരാണ് ഒരോ വര്‍ഷവും റോഡപകടങ്ങളിലൂടെ മരണമടയുന്നത്.  അപകടത്തില്‍പ്പെട്ടുകഴിഞ്ഞാല്‍ ആദ്യത്തെ ഒരു മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയങ്ങളില്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ പലപ്പോഴും കഴിയാറില്ല. സമഗ്ര ട്രോമ കെയര്‍ പദ്ധതിയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. മികച്ച ടെക്നീഷ്യന്‍മാരും അത്യാധുനിക സംവിധാനങ്ങളുമുള്ള ആംബുലന്‍സ് അപകട സ്ഥലത്ത് മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓരോ 30 കിലോമീറ്ററിലും ഒരു ആംബുലന്‍സ് എന്ന നിലയില്‍ അപകടങ്ങള്‍ കൂടുതല്‍ നടക്കുന്ന ബ്ലാക്ക് സ്പോട്ടുകളിലാണ് ആംബുലന്‍സുകളെ വിന്യസിക്കുക. ഒക്ടോബര്‍ 25 മുതല്‍ ആംബുലന്‍സുകള്‍ സേവന രംഗത്തുണ്ടാകും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍, 12 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ എന്നിങ്ങനെ രണ്ട് രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനം. ആവശ്യമെങ്കില്‍ കൂടുതല്‍ ആംബുലന്‍സുകളെ 24 മണിക്കൂര്‍ സമയക്രമത്തിലേക്ക് വിന്യസിക്കും. ഒരുമാസം കഴിയുമ്പോള്‍ പദ്ധതിയുടെ അവലോകനം നടത്തുമെന്നും മന്ത്രി പറഞ്ഞു.  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ലെവല്‍ വണ്‍ ട്രോമ കെയര്‍ സെന്ററായി മാറുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളേജും  ഇതേ നിലവാരത്തിലേക്ക് മാറ്റും. കാഷ്വാലിറ്റിയെ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റാക്കി എല്ലാ സജ്ജീകരണങ്ങളും ലഭ്യമാക്കും. ആംബുലന്‍സുകള്‍ എത്തുമ്പോള്‍ എല്ലാ ചികിത്സയും ലഭിക്കുന്ന രീതിയില്‍ ആശുപത്രികളെ ക്രമീകരിക്കും.

പ്രാഥമിക ശുശ്രൂഷയിലുള്ള വ്യാപകമായ പരിശീലനമാണ് ട്രോമ കെയര്‍ വിഭാഗത്തിന്റെ മൂന്നും നാലും ഘട്ടങ്ങളിലൂടെ നടപ്പാക്കുന്നത്. ഡോക്ടര്‍മാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍ക്ക് പദ്ധതിയിലൂടെ പരിശീലനം നല്‍കും. കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും പദ്ധതിയിലൂടെ എമര്‍ജന്‍സി മെഡിക്കല്‍ കെയറിനാവശ്യമായ പരിശീലനം ലഭിക്കും. സമൂഹത്തില്‍ എല്ലാവര്‍ക്കും അടിയന്തര ഘട്ടങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയണം. 1500 കുട്ടികളുടെ ജീവന്‍ ഹൃദയ ശാസ്ത്രക്രിയയിലൂടെ രക്ഷിക്കാന്‍ സര്‍ക്കാറിന് സാധിച്ചു. 2016 നെ അപേക്ഷിച്ച് മൂന്ന് ഇരട്ടി ആളുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നതെന്നും രോഗം നേരത്തെ കണ്ടെത്തി പ്രതിരോധിക്കാനും അപകടരണങ്ങള്‍ ഒഴിവാക്കാനും നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.  

അപകടത്തില്‍ പെടുന്നവരെ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ചികില്‍സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 'കനിവ് 108' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനമാണ് കലക്ടറേറ്റ് മൈതാനിയില്‍ നടന്നത്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളിലാണ് ഇവയുടെ സേവനം ലഭ്യമാക്കുക. കണ്ണൂര്‍ ജില്ലയ്ക്ക് 21 ആംബുലന്‍സുകളാണ് പദ്ധതിയിലൂടെ ലഭിക്കുക.. ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, പേരാവൂര്‍, കൂത്തുപറമ്പ്, പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രികള്‍, പാനൂര്‍, ഇരിക്കൂര്‍, പിണറായി, മട്ടന്നൂര്‍, ഇരിവേരി, ഇരിട്ടി, പഴയങ്ങാടി സിഎച്ച്‌സികള്‍, വളപട്ടണം പിഎച്ച്‌സി എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് ജില്ലയില്‍ കനിവ് 108 ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുക.

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി അദ്ധ്യക്ഷനായി. മേയര്‍ സുമ ബാലകൃഷ്ണന്‍, കെ കെ രാഗേഷ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍  സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഇന്ദിര പ്രേമാനന്ദ്, കൗണ്‍സിലര്‍ ലിഷ ദീപക്, ഡി എം ഒ ഡോ. കെ നാരായണ നായ്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

date