Skip to main content

വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ഇടപെടണം - ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

വിവിധ പദ്ധതികളുടെ സമയബന്ധിതമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി ഇടപെടണമെന്നു ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പദ്ധതികളുടെ അവലോകനം ജില്ലയില്‍ കൃത്യമായി നടക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ വികസനോ•ുഖമായ കാഴ്ചപ്പാടോടെ പദ്ധതി നിര്‍വ്വഹണം നടത്തണം. നിര്‍വ്വഹണ തലത്തില്‍ നേരിടുന്ന പ്രശ്ന പരിഹാരത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലുകളോ, നയം മാറ്റമോ ആവശ്യമുണ്ടെങ്കില്‍ മാറ്റിയെടുക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും തയ്യാറാക്കി സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ & മോണിറ്ററിംങ്ങ് കമ്മറ്റി(ദിശ)യുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സുസ്ഥിര ആസ്തികള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച്, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനും ശ്രദ്ധ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. സ്ഥലം ലഭ്യമായ സ്ഥലങ്ങളില്‍ അംഗനവാടിക്കു സ്വന്തം കെട്ടിടം നിര്‍മിക്കുന്ന നടപടികള്‍ വേഗത്തിലാക്കണം.  
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി നിര്‍വ്വഹണത്തില്‍ വികസനോ•ുഖമായ പ്രവൃത്തികള്‍ സംയോജിപ്പിച്ച് മാതൃകാപരമായ രീതിയില്‍ നടപ്പിലാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും സഹകരണം അനിവാര്യമാണെന്നും, യുവജനങ്ങളുടെ സാമൂഹ്യ പ്രതിബന്ധത പ്രയോജനപ്പെടുത്തിയും സന്നദ്ധ സംഘടനകളുടെ ഇടപെടലിലൂടെയും സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണമെന്നും ഏറ്റെടുത്ത പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ കുടുംബ സഹായനിധി, എ.ആര്‍.ബ്ല്യു.എസ്.പി, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി. എന്‍.എച്ച്.എം.പദ്ധതികള്‍, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ് ജ്യോതി യോജന, ദേശീയ ഗ്രാമീണ ലൈവ്ലിഹുഡ് മിഷന്‍, ഐ.സി.ഡി.എസ്, പ്രധാനമന്ത്രി പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന തുടങ്ങിയവയുടെ പുരോഗതി അവലോകനം നടത്തി.
ജില്ലയില്‍ എന്‍.എച്ച്.എം മുഖേനെ നടപ്പാക്കി മാതൃയാനം എന്ന പേരില്‍ സംസ്ഥാന തലത്തില്‍ വ്യാപിപ്പിച്ച ശ്രീ ടാക്സിക്ക് ലഭിച്ച ദേശീയ സ്‌കോച്ച് അവാര്‍ഡ് എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.ഷിബുലാല്‍ ദിശ സമിതി മുമ്പാകെ സമര്‍പ്പിച്ചു.
യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.അബ്ദുല്‍ കലാം മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ.നാസര്‍, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധിയുടെ ഇ.മുഹമ്മദ് കുഞ്ഞി, ഡെപ്യൂട്ടി കലക്ടര്‍ പി.മുരളീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം എന്നിവര്‍ സംസാരിച്ചു. പി.എ.യു പ്രോജക്റ്റ് ഡയറക്ടര്‍ പ്രീതി മോനോന്‍ സ്വാഗതവും അസിസ്റ്റന്റ് പ്രൊജക്റ്റ് ഡയറക്ടര്‍ എന്‍.കെ.ദേവകി നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date