Skip to main content

പുഴകളുടെ കയ്യേറ്റം തടയുന്നതിന് സര്‍വേ

 

ജില്ലയിലെ പുഴകളുടെ കയ്യേറ്റം തടയുന്നതിന് പുഴയോരങ്ങളില്‍ സര്‍വ്വെ നടത്തണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.  ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലയില്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ അടിസ്ഥാനത്തില്‍ നടന്നു വരുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍  അറിയിച്ചു. പ്രളയ പ്രതിരോധത്തിനായി തോടുകളിലെയും ജലാശയങ്ങളിലെയും ചെളി വാരല്‍, മാലിന്യനീക്കം തുടങ്ങിയവ നടപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പല പഞ്ചായത്തുകളും ഇവ നടപ്പാക്കിവരുന്നു. കോഴിക്കോട് നഗരത്തിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാനകള്‍ വൃത്തിയാക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 
പ്രളയം, മണ്ണിടിച്ചില്‍ എന്നിവയ്ക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും,  റീബില്‍ഡ് കേരളയുടെ ഭാഗമായുള്ള കനോലി കനാല്‍, കല്ലായി അഴിമുഖം എന്നിവയുടെ വൃത്തിയാക്കല്‍ പുരോഗതിയും ജില്ലാ കളക്ടര്‍  വിലയിരുത്തി. ക്വാറികളുടെ പ്രവര്‍ത്തനം സുരക്ഷിതമാണെന്ന്  ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. തകര്‍ന്ന റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഗുണനിലവാരം മെച്ചപ്പെടുത്തി നിര്‍മാണം എത്രയും വേഗം പൂര്‍ത്തികരിക്കണെമെന്നും പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഉള്‍ക്കൊള്ളണമെന്നും യോഗത്തില്‍ ജില്ലാകലക്ടര്‍ അറിയിച്ചു. ജില്ലയിലെ പഞ്ചായത്ത്, പി.ഡബ്ലു.ഡി റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ കള്‍വര്‍ട്ടുകളുടെ പണിയും പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ അറിയിച്ചു. 
 കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഡപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, വിവിധ വകുപ്പ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date