Skip to main content

ഉപതിരഞ്ഞെടുപ്പ്: അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ്

*വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ
സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 69.93 ശതമാനം പോളിംഗ് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അന്തിമകണക്കുപ്രകാരം മഞ്ചേശ്വരത്ത് 75.78, എറണാകുളത്ത് 57.9, അരൂരിൽ 80.47, കോന്നിയിൽ 70.07, വട്ടിയൂർക്കാവിൽ 62.66 ശതമാനം പോളിംഗ് നടന്നു.
അഞ്ചു മണ്ഡലങ്ങളിലുമായുള്ള 896 പോളിംഗ് ബൂത്തുകളിൽ ആകെയുണ്ടായിരുന്ന 9,57,509 വോട്ടർമാരിൽ 6,69,596 പേർ വോട്ടു രേഖപ്പെടുത്തി. ഇതിൽ 3,26, 038 പേർ പുരുഷൻമാരും, 3,43,556 പേർ സ്ത്രീകളും, രണ്ടുപേർ ട്രാൻസ്ജെൻഡറുകളുമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 13.7 ശതമാനം പോളിംഗ് എറണാകുളത്ത് കുറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരത്ത് 0.41 ശതമാനവും അരൂരിൽ 4.96 ശതമാനവും കോന്നിയിൽ 3.12 ശതമാനവും വട്ടിയൂർക്കാവിൽ 7.17 ശതമാനവും 2016 നേക്കാൾ കുറവുണ്ട്.
ഇത്തവണ 132 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിരുന്നു. 125 ബൂത്തുകളിൽ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്.
വോട്ടെടുപ്പിൽ വിവിപാറ്റുകൾ തകരാറിലായതിന്റെ എണ്ണവും കുറവായിരുന്നു. മഞ്ചേശ്വരത്ത് 24 എണ്ണവും എറണാകുളത്ത് അഞ്ചെണ്ണവും അരൂരിൽ ഏഴെണ്ണവും കോന്നിയിൽ 11 എണ്ണവും വട്ടിയൂർക്കാവിൽ നാലെണ്ണവും തകരാറിലായി.
വോട്ടെണ്ണൽ 24ന് നടക്കും. രാവിലെ എട്ടു മുതലാണ് അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻ തുടങ്ങുക. മഞ്ചേശ്വരത്ത് ഗവ: എച്ച്.എസ്, പൈവളികേ നഗറിലും, എറണാകുളത്ത് മഹാരാജാസ് കോളേജിലും അരൂരിൽ എൻ.എസ്.എസ് കോളേജ് പള്ളിപ്പുറം ചേർത്തല, കോന്നിയിൽ അമൃത വി.എച്ച്.എസ്.എസ് എലിയറയ്ക്കൽ, വട്ടിയൂർക്കാവിൽ സെൻറ് മേരീസ് എച്ച്.എസ്.എസ് പട്ടം എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
വോട്ടിംഗ് മെഷീനുകൾ സ്‌ട്രോങ് റൂമിൽ അതീവസുരക്ഷയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര അർധസൈനിക വിഭാഗങ്ങൾക്കാണ് സുരക്ഷാ ചുമതല. ഇന്നർ സർക്കിളിൽ സി.ആർ.പി.എഫിന്റേതാണ് സുരക്ഷ. എല്ലാ കേന്ദ്രങ്ങളും സി.സി.ടി.വി നിരീക്ഷണത്തിലാണ്. ഇരട്ട ലോക്ക് സംവിധാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
ആദ്യം തപാൽ ബാലറ്റുകൾ എണ്ണും. തുടർന്ന് ഇ.വി.എമ്മുകൾ എണ്ണും. എല്ലാ മണ്ഡലങ്ങളിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണും. വിവിപാറ്റ് സ്ളിപ്പുകൾ എണ്ണുന്നത് പ്രത്യേക സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. കൂടാതെ ഇവ എണ്ണുന്നത് പൂർണമായി വീഡിയോയിൽ പകർത്തും.
വോട്ടെടുപ്പ് പ്രക്രിയ സുഗമമായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നന്ദി അറിയിച്ചു.
പി.എൻ.എക്‌സ്.3755/19

date