Skip to main content

നാവിക് ബോട്ടുകളുടെ പരീക്ഷണയാത്ര വിദഗ്ധസംഘം വിലയിരുത്തി : പരിഷ്‌കരിച്ച നാവികുമായി ജനുവരി അവസാനത്തോടെ 500 യാനങ്ങള്‍ കടലിലേക്ക്

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ സന്ദേശം നല്‍കുന്നതിനുള്ള നാവിക് ഘടിപ്പിച്ച് പരീക്ഷണാര്‍ത്ഥം കടലില്‍ പോയ യാനങ്ങള്‍ക്ക് ലഭിച്ച സുരക്ഷാ സന്ദേശങ്ങള്‍ വിദഗ്ധസമിതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു.  വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച നാവികുമായി 500 യാനങ്ങള്‍ ഈ മാസം അവസാനത്തോടെ കടലില്‍ പോകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു.

മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ് നാവികിന്റെ പ്രവര്‍ത്തനം വിലയിരുത്തിയത്.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തന്‍, ഐ.എസ്.ആര്‍.ഒ ശാസ്ത്ര സെക്രട്ടറി ഡോ. പി.ജി. ദിവാകര്‍, കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ഏജന്‍സി ഡയറക്ടര്‍ ഡോ. രഘുനാഥ് മേനോന്‍, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് പരീക്ഷണയാത്രയിലെ നാവികിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.

തിരുവനന്തപുരത്ത് നിന്ന് രണ്ട് വള്ളങ്ങളും, കൊല്ലത്തു നിന്ന് രണ്ട് ബോട്ടുകളും, എറണാകുളത്തു നിന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ഒരു ഗവേഷണ ബോട്ടുമാണ് നാവികുമായി കടലില്‍ പോയത്.

നാവികിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് യാത്രയില്‍ പങ്കെടുത്ത മത്സ്യ തൊഴിലാളികള്‍ വിവരിച്ചു.  ബോട്ടുകള്‍ 90-100 നോട്ടിക്കല്‍ മൈല്‍ വരെ സഞ്ചരിച്ചാണ് തിരിച്ചുവന്നത്.  നാവികില്‍ നിന്ന് ആവശ്യമായ സുരക്ഷാ വിവരങ്ങള്‍ സന്ദേശമായും ശബ്ദ നിര്‍ദ്ദേശമായും ലഭിച്ചതായി അവര്‍ അറിയിച്ചു.

സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വലിയ മത്സ്യക്കൂട്ടങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞു.  മത്സ്യം എവിടെയുണ്ടെന്നും യാനങ്ങള്‍ ഏത് ദിശയിലേക്കാണ് നീങ്ങേണ്ടത് എന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.  90-100 നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറം കടല്‍ പ്രക്ഷുബ്ധമായതിനാലാണ് തുടര്‍യാത്ര ചെയ്യാന്‍ കഴിയാതിരുന്നതെന്ന് അവര്‍ വ്യക്തമാക്കി.

വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട വള്ളങ്ങള്‍ സാധാരണ സഞ്ചരിക്കുന്ന 50-60 നോട്ടിക്കല്‍ മൈല്‍ മാത്രമേ പോയിരുന്നുള്ളു.  

നാവികിന്റെ പ്രവര്‍ത്തനം പരിഷ്‌കരിച്ച് മലയാളം സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ വിദഗ്ധസമിതി തീരുമാനിച്ചു.  സുരക്ഷാ കവചം നിര്‍മ്മിച്ച് വെള്ളം നനയാതെ ഘടിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.  സന്ദേശങ്ങള്‍ കൃത്യമായി ലഭിക്കുന്നതിന് ആന്റിന ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ ഒറ്റയൂണിറ്റായി നാവികില്‍ ഘടിപ്പിക്കും.  സന്ദേശം നല്‍കുന്നതിനോടെപ്പം യാനങ്ങള്‍ എവിടെയുണ്ടെന്ന്  കണ്ടെത്തുന്നതിന് നാവിക് സഹായിക്കും.

അപകടഘട്ടങ്ങളില്‍ ആവശ്യമായ സന്ദേശം തിരിച്ചയക്കുന്നതിനും അപകടത്തിന്റെ തീവ്രത അനുസരിച്ച് വ്യത്യസ്തമായ സന്ദേശങ്ങള്‍ അയക്കുന്നതിനും മത്സ്യതൊഴിലാളികളെ സഹായിക്കുന്ന രീതിയില്‍ നാവിക് പരിഷ്‌കരിക്കും.  അപകടത്തിന്റെ തീവ്രത അനുസരിച്ച് വ്യത്യസ്ത നിറങ്ങളിലുള്ള ബട്ടണുകള്‍ പ്രസ് ചെയ്ത് സന്ദേശം തിരിച്ചയക്കുന്നതിനുള്ള സംവിധാനമാണ് സജ്ജീകരിക്കുക.

ഐ.എസ്.ആര്‍.ഒ സൗജന്യമായി നല്‍കുന്ന 500 നാവിക്കുകളുടെ നിര്‍മ്മാണം പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്.  ഇതിനു ശേഷം ആവശ്യമുള്ളത് കെല്‍ട്രോണ്‍ തയ്യാറാക്കും.  കെല്‍ട്രോണിന് സാങ്കേതിക വിദ്യ ഐ.എസ്.ആര്‍.ഒ കൈമാറും.

മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സമയബന്ധിതമായി ഐ.എസ്.ആര്‍.ഒ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് മന്ത്രി വ്യക്തമാക്കി.

കെല്‍ട്രോണ്‍ എം.ഡി ഹേമലത റ്റി.ആര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലീസ് സൂപ്രണ്ട് ആര്‍. സുനീഷ് കുമാര്‍, മറൈന്‍ ചീഫ് ഗാര്‍ഡ് കെ.എം. സജീവ്, ഡോ. എം.സി. അനില്‍കുമാര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യതൊഴിലാളികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പി.എന്‍.എക്‌സ്.132/18

date