Skip to main content

ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ രൂപീകരിച്ചിട്ടുള്ള ഹരിത കര്‍മ സേനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി പറഞ്ഞു. മലയാലപ്പുഴ ഡിറ്റിപിസി സത്രത്തില്‍ 17 തദ്ദേ ശഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മസേനാംഗങ്ങളുടെ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്‍റ്. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിന് ശുചിത്വത്തിന്‍റെ പ്രാധാന്യം എല്ലാവരും ഉള്‍ക്കൊള്ളണം. മാലിന്യമുക്ത കേരളത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ സന്ദേശ വാഹകരാകുവാന്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് കഴിയണം. കുടുംബശ്രീയിലെ പ്രവര്‍ത്തന പരിചയം ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്വം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ പ്രാപ്തി നല്‍കും. ശുചിത്വ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകരായ ഹരിതകര്‍മസേനാംഗങ്ങള്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പ്രസിഡന്‍റ് പറഞ്ഞു. ഹരിതകേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാലിന്യ സംസ്കരണം ബിസിനസ് മാതൃകയില്‍ പ്രൊഫഷണലായി നടത്തുന്നതിന് ഹരിതകര്‍മസേനയെ സജ്ജീകരിക്കുന്നതിനാണ് പരിശീലനം നല്‍കുന്നത്. വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ വസ്തുക്കള്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളിലും റിസോഴ്സ് റിക്കവറി ഫെസിലിറ്റികളിലും എത്തിച്ച് പരിപാലനം നടത്തുക, വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് ജൈവമാലിന്യ സംസ്കരണ ഉപാധികള്‍ സ്ഥാപിക്കുക, ഇവയുടെ തകരാറുകള്‍ പരിഹരിക്കുക, ജൈവകൃഷി രീതികള്‍ പ്രചരിപ്പിക്കുക, പൊതുമാലിന്യസംസ്കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക എന്നിവയാണ് ഹരിതകേരളം മിഷന്‍റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഹരിതകര്‍മസേനയുടെ പ്രധാന പ്രവ ര്‍ത്തനങ്ങള്‍. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ഹരിതകര്‍മസേനയ്ക്ക് വരുമാനം കണ്ടെത്തുന്നതിനുള്ള ശേഷി വികസിപ്പിക്കലും പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, ക്ലീന്‍കേരള കമ്പനി എന്നിവ സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കിലയില്‍ നിന്നും പരിശീലനം ലഭിച്ച വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചോടെ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ഹരിതകര്‍മസേനകളുടെ പരിശീലനം പൂര്‍ത്തിയാകുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് അറിയിച്ചു. (പിഎന്‍പി 128/18)
date